സ്രാവ്, തിരണ്ടി മത്സ്യങ്ങളില്‍ ഗണ്യമായ കുറവെന്നു പഠനം
കൊച്ചി:കുഞ്ഞു മത്സ്യങ്ങളെ വര്‍ധിച്ച തോതില്‍ പിടിക്കുന്നതുമൂലം ആഴക്കടലില്‍ സ്രാവ്, തിരണ്ടി മത്സ്യങ്ങളില്‍ ഗണ്യമായ കുറവ് വന്നതായി പഠനം. ഈ മത്സ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായി കുറഞ്ഞതായി സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2012 ല്‍ 40 ടണ്‍ തിരണ്ടി ലഭിച്ചപ്പോള്‍ 2015 ല്‍ അഞ്ച് ടണ്ണായി ചുരുങ്ങി.
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഈ മത്സ്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട്് തയാറാക്കുന്നതിന്റെ ഔദ്യോഗിക ശാസ്ത്ര സ്ഥാപനമാണ് സി.എം.എഫ്.ആര്‍.ഐ . അശാസ്ത്രീയമായ മത്സ്യബന്ധന രീതികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്രാവ്, തിരണ്ടി കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുന്നതിന് സംയോജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടു. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്രാവ്, തിരണ്ടി വര്‍ഗങ്ങളുടെ ലഭ്യതയും കച്ചവടവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മത്സ്യത്തൊഴിലാളികള്‍ ഈ നിര്‍ദേശം ഉന്നയിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഈ മത്സ്യയിനങ്ങളെ കുറിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ മത്സ്യത്തൊഴിലാളികളുടേയും വിപണന കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തായത്. കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതിനോട് പൂര്‍ണ യോജിപ്പാണെന്ന് യോഗത്തില്‍ സംസാരിച്ച മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു. ഇതിനായി ശാസ്ത്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളും ശാസ്ത്ര സമൂഹവും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ മത്സ്യസമ്പത്തിന്റെ സുസ്ഥിര വിനിയോഗം സാധ്യമാകൂവെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ഡെമേഴ്‌സല്‍ ഫിഷറീസ് ഡിവിഷന്‍ തലവന്‍ ഡോ. പി.യു സക്കറിയ അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. ശോഭ കിഴക്കൂടന്‍, ഡോ.രേഖ ജെ നായര്‍ എന്നിവര്‍ മത്സ്യത്തൊഴിലാളികളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."