പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി
കൊച്ചി: എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ മർദ്ദിച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് കർശന നിർദേശം നൽകി. ഇതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല.
2024-ൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലിസിന്റെ ക്രൂരത ലോകമറിഞ്ഞത്. നിലവിൽ അരൂരിൽ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രൻ ആണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ ഭർത്താവ് നടത്തുന്ന ഹോട്ടലിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിയ യുവാവിന്റെ ഭാര്യയായ ഷൈമോൾ എൻ. ജെ. എന്ന യുവതിയെയാണ് പ്രതാപ ചന്ദ്രൻ മർദിച്ചത്. പരാതിയുമായി സ്റ്റേഷനിലെത്തിയ ഷൈമോളുടെ മുഖത്തടിക്കുകയും നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്തു. വനിതാ പൊലിസുകാർ ഉൾപ്പെടെയുള്ളവർ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം.
മർദ്ദനമേറ്റ വിവരം 2024-ൽ തന്നെ ഷൈമോൾ വെളിപ്പെടുത്തിയിരുന്നെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഇടപെട്ടാണ് സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കിയത്.
ദൃശ്യങ്ങളിൽ എസ്എച്ച്ഒ യുവതിയെ മർദ്ദിക്കുന്നതും മറ്റ് പൊലിസുകാർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റുന്നതും വ്യക്തമായി കാണാം. ഗുരുതരമായ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥനെതിരെ ഉടൻ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഒരു വർഷത്തോളം ദൃശ്യങ്ങൾ മറച്ചുവെക്കപ്പെട്ടതും അന്വേഷണ പരിധിയിൽ വരും.
Kerala Chief Minister has directed the DGP to take immediate action against a Police SHO after CCTV footage surfaced showing him assaulting a pregnant woman inside the Ernakulam North police station. The incident, which occurred in 2024, involved SHO Pratapachandran (currently serving in Aroor) allegedly slapping and pushing the victim, Shaimol N.J., while she was at the station regarding her husband's custody. After a year-long legal battle, the victim obtained the footage via court intervention, leading to the current government order for a probe and disciplinary measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."