സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി
ഷിംല: ഹിമാചൽ പ്രദേശിലെ പ്രമുഖ സർക്കാർ ആശുപത്രിയായ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ (IGMC) ഡോക്ടർ രോഗിയെ ക്രൂരമായി മർദ്ദിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ അർജുൻ പൻവാർ എന്ന യുവാവിനാണ് ഡോക്ടറുടെ മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു.
ബ്രോങ്കോസ്കോപ്പിക്ക് ശേഷം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട അർജുൻ ഓക്സിജൻ സഹായം ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. ഓക്സിജൻ ചോദിച്ചപ്പോൾ അപ്പോയിന്റ്‌മെന്റ് സ്റ്റാറ്റസിനെ ചൊല്ലി ഡോക്ടർ തട്ടിക്കയറി. ബഹുമാനത്തോടെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ "നീ വെറുമൊരു രോഗിയാണെന്ന്" പറഞ്ഞ് ഡോക്ടർ രോഗിയെ അധിക്ഷേപിച്ചു. വീട്ടുകാരോട് ഇങ്ങനെയാണോ സംസാരിക്കുക എന്ന് ചോദിച്ചതോടെ പ്രകോപിതനായ ഡോക്ടർ കട്ടിലിൽ കിടക്കുകയായിരുന്ന രോഗിയെ തുരുതുരെ അടിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ആശുപത്രി പരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധിച്ചു. ജനരോഷം ശക്തമായതിനെ തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു സംഭവത്തെക്കുറിച്ച് പഠിക്കാൻ മൂന്നംഗ പ്രത്യേക സമിതിയെ ആശുപത്രി അധികൃതർ നിയോഗിച്ചു.
കുറ്റക്കാരനായ ഡോക്ടർക്കെതിരെ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും കർശന നടപടിയുണ്ടാകുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. രാഹുൽ റാവു അറിയിച്ചു. രോഗികളോട് കാരുണ്യത്തോടെ പെരുമാറേണ്ട ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."