കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ
ബംഗളൂരു: കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ കേസിൽ വീണ്ടും അറസ്റ്റ്. ഗുജറാത്തിലെ ആനന്ദ് താലൂക്കിലെ കൈലാസ് നഗർ സ്വദേശി ഹിരേന്ദ്ര കുമാർ (34) ആണ് അറസ്റ്റിലായത്. ഈ കേസിൽ ഉത്തർപ്രദേശ് സുൽത്താൻപുർ ജില്ലക്കാരായ രോഹിത് (29), സാന്ത്രി (37) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹിരേന്ദ്ര കുമാറിന്റെ പങ്ക് വ്യക്തമായത്. ഇതോടെ കൊച്ചിൻ ഷിപ്പ്‌യാർഡുമായി ബന്ധപ്പെട്ട ചാരക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
രോഹിതും സാന്ത്രിയും ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സബ് കോൺട്രാക്ടറായ ശുശ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽ ഇൻസുലേറ്റർമാരായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് നാവികസേനാ കപ്പലുകളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്താനിലേക്ക് അയച്ചിരുന്നതായി പൊലിസ് കണ്ടെത്തി. ഇവർക്ക് ഉഡുപ്പിയിൽനിന്ന് സ്ഥലംമാറ്റം ലഭിച്ചശേഷവും ചാരവൃത്തി തുടർന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ചാരവൃത്തി ആസൂത്രണംചെയ്തത് ഹിരേന്ദ്രകുമാർ ആയിരുന്നു. അദ്ദേഹം സ്വന്തം പേരിൽ സിം കാർഡ് എടുത്ത് മറ്റ് രണ്ടുപേർക്കും നൽകുകയായിരുന്നു. ഈ സിം ഉപയോഗിച്ചാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ ഏജന്റുമാരുമായി സമ്പർക്കം പുലർത്തിവന്നത്.
ഈ മാസം 20നാണ് ഹിരേന്ദ്ര കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യംചെയ്യലിനും മൊബൈൽഫോൺ പരിശോധനയ്ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദുരൂഹമായ നീക്കങ്ങളെത്തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് സി.ഇ.ഒ നവംബറിൽ മാൽപെ പൊലിസിൽ നൽകിയ പരാതിയിലാണ് ആദ്യം രോഹിതും സാന്ത്രിയും പിടിയിലായത്. രോഹിതും സാന്ത്രിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
ഭാരതീയ ന്യായ് സംഹിത 152 (രാജ്യ ദ്രോഹം) ഉൾപ്പെടെയുള്ള വകുപ്പുകളും ഔദ്യോഗിക രഹസ്യ നിയമത്തിലെ 3 (ചാരവൃത്തി), 5 (രഹസ്യ വിവരങ്ങൾ തെറ്റായി കൈമാറൽ) വകുപ്പുകളും പ്രകാരമാണ് മൂന്നുപേർക്കുമെതിരേ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ചോർന്ന വിവരങ്ങളുടെ വ്യാപ്തിയെക്കുറിച്ചു പരിശോധിച്ചുവരികയാണെന്നും ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ അറിയിച്ചു.
The police in Karnataka have arrested a man hailing from Gujarat and two others from Uttar Pradesh on charges of sharing sensitive information related to the Indian Navy’s ships with their handlers in Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."