കോര്‍പറേഷന്‍ പദ്ധതികളെക്കുറിച്ച് അറിയുന്നില്ലെന്ന് പ്രതിപക്ഷം; സെക്രട്ടറിക്കെതിരേ ഭരണപക്ഷം
കോഴിക്കോട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കുന്ന കോര്‍പ്പറേഷന്റെ പുതിയ പദ്ധതികളെയും ഉപേക്ഷിക്കപ്പെടുന്ന പദ്ധതികളേയും കുറിച്ച് കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ആരോപണം. പുതുതായി സമര്‍പ്പിക്കുന്നത് ഏതൊക്കെ പദ്ധതികളാണെന്നും നിലവിലുള്ള പദ്ധതികളില്‍ ഏതല്ലാമാണ് ഒഴിവാക്കിയതെന്നും കൗണ്‍സിലര്‍മാരെ അറിയിക്കുന്നില്ലെന്ന് ജനതാദള്‍ യുവിലെ പി. കിഷന്‍ചന്ദാണ് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉന്നയിച്ചത്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണം ശരിയായ രീതിയില്‍ നടന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്പില്‍ ഓവര്‍ പ്രവൃത്തികളാണ് ഏറെയും നടപ്പാക്കിയത്. ഇതുകാരണം 2015-16 സാമ്പത്തിക വര്‍ഷത്തെ നിരവധി പദ്ധതികളും വെട്ടിക്കുറച്ച അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നടത്തണമെന്ന് കിഷന്‍ചന്ദ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സെക്രട്ടറി സതീശന് നിര്‍ദേശം നല്‍കി.
അതേസമയം, 2015-16 ല്‍ കോര്‍പ്പറേഷന്റെ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന ആരോപണം ശരിയല്ലെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് ചൂണ്ടിക്കാട്ടി. എന്നാല്‍ 2015-16 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാനായില്ലെന്ന് സെക്രട്ടറിയും വിശദീകരണം നല്‍കിയതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സെക്രട്ടറി കൗണ്‍സില്‍ യോഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വാദിച്ചു. പദ്ധതി നിര്‍വഹണം സംബന്ധിച്ച് അടുത്ത യോഗത്തില്‍ സ്ഥിതിവിവരക്കണക്ക് അവതരിപ്പിക്കാന്‍ മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം അവസാനിച്ചത്. അടുത്ത യോഗത്തിനു മുന്‍പായി ഇതിന്റെ റിപ്പോര്‍ട്ട് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് സി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണം താളംതെറ്റിയിരിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആക്ഷേപിച്ചു.
വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നത് കാര്യക്ഷമമായി നടക്കുന്നില്ലെന്നും ഗുണഭോക്താക്കളില്‍ 30 ശതമാനം പേര്‍ക്കു പെന്‍ഷന്‍ കിട്ടിയിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍ പറഞ്ഞു.
ബാങ്കുകള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് കോണ്‍ഗ്രസിലെ അഡ്വ. പി.എം നിയാസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏജന്റുമാര്‍ യഥാസമയം വിവരം അറിയിക്കുന്നില്ലെന്ന് ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ പരാതി ഉന്നയിച്ചു.
അതിനിടെ, നല്ലളം ഭാഗത്തെ ഗുണഭോക്താവിനു പണം നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത് വേങ്ങേരിയിലെ ഏജന്റിനെയാണെന്ന് ലീഗിലെ എം. കുഞ്ഞാമുട്ടി കുറ്റപ്പെടുത്തി. പരാതികള്‍ പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. അതേസമയം, 14,000 പേര്‍ക്ക് ചെക്ക് നല്‍കിയതായി ക്ഷേമകാര്യ ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.
ദേശീയ നഗര ഉപജീവന യജ്ഞത്തിന്റെ ഭാഗമായി വഴിയോര കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കുന്നതിനായി നഗരതല വഴിയോര കച്ചവട സമിതി രൂപീകരിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അനിതാ രാജന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ വിവിധ ട്രേഡ് യൂനിയന്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കോര്‍പ്പറേഷന്‍ പരിധിയിലെ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ധാരണയുണ്ടാക്കിയതായി മേയര്‍ യോഗത്തെ അറിയിച്ചു.
19ന് യു.എല്‍.സി.സിയുമായി ചര്‍ച്ച നടത്തും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.സി അനില്‍കുമാര്‍, ടി.വി ലളിതപ്രഭ, കൗണ്‍സിലര്‍മാരായ വി.ടി സത്യന്‍, വിദ്യാ ബാലകൃഷ്ണന്‍, മുല്ലവീട്ടില്‍ മൊയ്തീന്‍, കെ.കെ റഫീഖ്, എന്‍ സതീഷ്‌കുമാര്‍, ഉഷാദേവി, എം.എം പത്മാവതി ടീച്ചര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."