പുന്നപ്രയിലെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് നജുമുദ്ദീൻ പിടിയിൽ
പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീടിന്റെ പൂട്ട് തകർത്ത് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. കൊല്ലം ഇരവിപുരം വടക്കേവിള വില്ലേജിൽ അയത്തിൽ പുതുവിള വീട്ടിൽ നജുമുദ്ദീൻ (നജീം-53) ആണ് പിടിയിലായത്. നിരവധി സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പുന്നപ്ര പൊലിസ് വലയിലാക്കിയത്.
മോഷണ വിവരം
ഒക്ടോബർ 28, പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത് .പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ പ്രതി, അലമാരയിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാമിന്റെ സ്വർണ മാലയും ഒരു ഗ്രാം സ്വർണത്തകിടും മോഷ്ടിച്ചു.
അന്വേഷണവും അറസ്റ്റും
മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ സാങ്കേതിക വിവരങ്ങൾ പൊലിസ് പരിശോധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ പഴയന്നൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.കേരളത്തിലെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്തൃ.ശൂരിൽ പഴയന്നൂർ, വടക്കാഞ്ചേരി, അന്തിക്കാട്,കോട്ടയത്ത് കോട്ടയം വെസ്റ്റിലും,കൊല്ലത്ത് ഇരവിപുരം, കരുനാഗപ്പള്ളി, ശൂരനാട് എന്നിവടങ്ങളിലും,ആലപ്പുഴയിൽ വീയപുരം, കുറത്തികാട്, കായംകുളം എന്നിവടങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
പൊലിസ് സംഘം
പുന്നപ്ര ഇൻസ്പെക്ടർ മഞ്ജുദാസ്, എസ്ഐ രതീഷ് പി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലിസ് ഓഫിസര്‍മാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ്, ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."