വി.കെ മിനിമോള്‍ കൊച്ചി മേയര്‍; നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍, തിരുവനന്തപുരത്ത് വി.വി രാജേഷ്
കൊച്ചി: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അവസാന ഘട്ടത്തില്‍. രാവിലെ 10.30 ഓടെയാണ് തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് കണ്ണൂര്‍, തൃശൂര്‍, കൊച്ചി, കൊല്ലം കോര്‍പറേഷനുകളില്‍ യു.ഡി.എഫ് ആണ് ഭരണത്തില്‍. കോഴിക്കോട് എല്‍.ഡി.എഫും. തിരുവനന്തപുരത്ത് ഇതാദ്യമായി ബി.ജെ.പിയ്ക്കാണ് മേയര്‍ പദവി.
കൊച്ചി കോര്‍പ്പറേഷന്‍
കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി.കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യു.ഡി.എഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു ശേഷം കളക്ടര്‍ മുമ്പാകെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു. ആദ്യ രണ്ടര വര്‍ഷം മിനിമോളും പിന്നീടുള്ള രണ്ടര വര്‍ഷം ഷൈനി മാത്യുവും കൊച്ചി മേയറാകും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച ജഗദംബികയ്ക്ക് 22 വോട്ടുകളാണ് ലഭിച്ചത്.
തൃശൂര്‍ കോര്‍പറേഷന്‍
വിവാദങ്ങള്‍ക്കിടയില്‍ തൃശൂര്‍ മേയറായി ഡോ. നിജി ജസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്. മൂന്നുപേരുകളാണ് കോണ്‍?ഗ്രസ് ഈ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നത്. ലാലി ജെയിംസ്, നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരുടേതായിരുന്നു. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡന്റ് തീരുമാനിച്ചത്. ലാലി ജെയിംസും 2 സ്വതന്ത്ര കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്.
തിരുവനന്തപുരം കോര്‍പറേഷന്‍
കേരളത്തിലെ ആദ്യത്തെ ബി.ജെ.പി മേയറായി വി.വി രാജേഷ്. തിരുവനന്തപുരം കോര്‍പറേഷനില്‍ വി.വി രാജേഷിന് 51 വോട്ടുകളാണ് ലഭിച്ചത്. ഒരു സ്വതന്ത്രന്റെ വോട്ടും ബി.ജെ.പിക്ക് ലഭിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍
കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പി. ഇന്ദിര ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 36 വോട്ടുകളാണ് ഇന്ദിരയ്ക്ക് ലഭിച്ചത്.സി.പി.എമ്മിലെ വി.കെ. പ്രകാശിനി 15 വോട്ടും ബി ജെപിയിലെ അര്‍ച്ചന വണ്ടിച്ചാല്‍ നാലും വോട്ട് നേടി. ഏക എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി.
കൊല്ലം കോര്‍പറേഷന്‍
എ.കെ.ഹഫീസ് കൊല്ലം മേയര്‍. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കൊല്ലത്ത് ആദ്യമായിട്ടാണ് യുഡിഎഫിനു മേയര്‍ സ്ഥാനം ലഭിക്കുന്നത്.
കോഴിക്കോട് കോര്‍പറേഷന്‍
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെ ഒ സദാശിവന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 33 വോട്ടുകളാണ് സദാശിവന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറിന് 28 വോട്ടുകള്‍ ലഭിച്ചു. 2 വോട്ട് അസാധുവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."