പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി അധികാരമേറ്റപ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.എ സ്മിജി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദലിത് ലീഗ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന്റെ മകളാണ്. പിതാവിന്റെ സ്മരണകൾ ഇരമ്പുന്ന ജില്ലാ പഞ്ചായത്തിന്റെ അധികാരപ്പടവുകളിലേക്ക് ചരിത്രം കുറിച്ചാണ് സ്മിജിയുടെ വരവ്. ഇടതുകോട്ടയായ താനാളൂർ ഡിവിഷനിൽ നിന്ന് 6,852 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയം നേടി.
ലീഗ് അംഗങ്ങളിൽ പ്രായം കുറഞ്ഞ പ്രതിനിധി കൂടിയായ ഇവർക്ക് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി സത്യവാചകം ചൊല്ലിക്കൊടുത്തു. പിതാവിൽ നിലനിന്നിരുന്ന അധികാരത്തുടർച്ചയാണ് സ്മിജിയുടെ വരവിലൂടെ ഉണ്ടായിരിക്കുന്നത്. 2015ൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായിരുന്ന എ.പി ഉണ്ണികൃഷ്ണൻ മരണപ്പെടുമ്പോൾ ദലിത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പിതാവിൻ്റെ വഴികളിലൂടെ ജില്ലയെ നയിക്കാൻ മകൾ എത്തുമ്പോൾ അത് മലപ്പുറം രാഷ്ട്രീയത്തിലെ വികാരനിർഭരമായ നിമിഷമായി മാറി. പിതാവിന് ലഭിച്ച അതേ പിന്തുണയും സ്‌നേഹവും ലീഗ് നേതൃത്വത്തിൽ നിന്നും പ്രവർത്തകരിൽ നിന്നും സ്മിജിക്കും ലഭിക്കുന്നുണ്ട്.
മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഇവർ, പാലക്കാട് നെഹ്‌റു അക്കാദമിയിൽ നിന്നാണ് എൽ.എൽ.ബി പൂർത്തിയാക്കിയത്. വേങ്ങര മലബാർ കോളജിൽ യൂണിയൻ വൈസ് ചെയർപേഴ്‌സണായിരുന്നു. പിതാവിന്റെ വഴികളെ മാതൃകയാക്കി മികച്ച ഭരണം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് സ്മിജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."