പുതുവർഷം കളറാക്കാം; കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
കൊച്ചി: പുതുവർഷ ആഘോഷം കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവീസ് നടത്തും. ബുധനാഴ്ച രാത്രി 12 മണി മുതൽ പുലർച്ചെ നാല് മണിവരെയാണ് ഇലക്ട്രിക് ഫീഡർ ബസ് വൈപ്പിൻ ഹൈ കോർട്ട് റൂട്ടിൽ സർവീസ് നടത്തുക. ഹൈ കോർട്ടിൽ നിന്നും മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുകളുമായും കണക്ട് ചെയ്യാൻ ഹൈ കോർട്ട് എംജി റോഡ് സർക്കുലർ സർവീസും രാത്രി 12 മണി മുതൽ പുലർച്ചെ നാലു മണിവരെ പ്രവർത്തിക്കും.
ഡിസംബർ 31ന് രാത്രിയുള്ള വാട്ടർ മെട്രോ സർവീസ് ഹൈ കോർട്ട് മട്ടാഞ്ചേരി റൂട്ടിലും ഹൈ കോർട്ട് വൈപ്പിൻ റൂട്ടിലും ഹൈ കോർട്ട് ഫോർട്ട് കൊച്ചി റൂട്ടിലും രാത്രി 7 മണിക്ക് അവസാനിക്കും. എന്നാൽ തുടർന്നും ജനുവരി ഒന്നിന് പുലർച്ചെ 12 മണി മുതൽ നാല് മണിവരെ ഹൈ കോർട്ട് മട്ടാഞ്ചേരി റൂട്ടിലും ഹൈ കോർട്ട് വൈപ്പിൻ റൂട്ടിലും സർവീസുകൾ ഉണ്ടാകും. മറ്റുള്ള റൂട്ടുകളിലെ സർവീസ് പതിവുപോലെ തുടരും.
മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ നടത്തും. ആലുവയിൽ നിന്നും തൃപ്പൂണിത്തറയിൽ നിന്നും അവസാന സർവീസ് 1. 30നാണ് പുറപ്പെടുക. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തറയിലേക്കുമുള്ള അവസാന സർവീസ് രണ്ട് മണിക്ക് ആയിരിക്കും ഉണ്ടായിരിക്കുക. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളിയിൽ നിന്നും ജനുവരി മൂന്നുവരെ ആലുവയിലേക്കും തൃപ്പൂണിത്തറയിലേക്കുമുള്ള ട്രെയിനുകൾ രാത്രി 11 മണിവരെ സർവീസുകൾ നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."