ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും
തിരുവനന്തപുരം: റെയിൽവേയുടെ പുതിയ സമയക്രമം നാളെ നിലവിൽ വരും. ദക്ഷിണറെയിൽവേയുടെ കീഴിൽ 65 മെയിൽ, എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെയും 14 പാസഞ്ചർ ട്രെയിനുകളുടെയും ഉൾപ്പടെ 79 ട്രെയിനുകളുടെ വേഗത നാളെ മുതൽ വർധിക്കും. എന്നാൽ കേരളത്തിലൂടെ സർവിസ് നടത്തുന്ന അഞ്ച് ട്രെയിനുകൾക്ക് മാത്രമേ ഇതിന്റെ പ്രയോജനമുള്ളൂ. ബാക്കി 74 ട്രെയിനുകളും തമിഴ്നാട്ടിൽ സർവിസ് നടത്തുന്നവയാണ്. കഴിഞ്ഞ വർഷം 22 ട്രെയിനുകളുടെ വേഗതയാണ് ദക്ഷിണ റെയിൽവേ വർധിപ്പിച്ചത്.
കൊല്ലം- താമ്പരം എക്സ്പ്രസ് 85 മിനിറ്റും ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ്സ് 20 മിനിറ്റും ശ്രീ മാതാ വൈഷ്ണവ് ദേവി കത്ര-കന്യാകുമാരി എക്സ്പ്രസ് 65 മിനിറ്റും ചെന്നൈ- മംഗലാപുരം എക്സ്പ്രസ്സ് 25 മിനിറ്റും ഗുരുവായൂർ-എറണാകുളം പാസഞ്ചർ 10 മിനിറ്റും മുൻപേ ലക്ഷ്യസ്ഥാനത്ത് എത്തും. കേരളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളിൽ ഇവയ്ക്ക് മാത്രമാണ് വേഗത വർധനവിൻ്റെ ഗുണം ലഭിക്കുന്നത്.
അതേസമയം, ഇത്തവണ പല ട്രെയിനുകളും നിലവിൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബഫർ ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾക്ക് സമയമാറ്റം വരുത്തുകയാണ് ചെയ്തിട്ടുള്ളത്. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, മൈസുരു -കൊച്ചുവേളി എക്സ്പ്രസ്, പാലക്കാട് -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്, എറണാകുളം - കായംകുളം പാസഞ്ചർ, ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കാണ് ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്.
ആറു ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തമിഴ്നാട്ടിലാണ്.
the new railway timetable will come into effect tomorrow. the speed of 79 trains, including 65 mail, express and superfast trains and 14 passenger trains, under the southern railway will be increased from tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."