ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍
തെഹ്റാന്‍: ഇറാന്‍ റിയാലിന്റെ മൂല്യം കൂപ്പുകുത്തിയതിനെ തുടര്‍ന്ന് തെരുവിലിറങ്ങി ജനം. രാജ്യത്ത് ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തലസ്ഥാനമായ തെഹ്‌റാനില്‍ ആരംഭിച്ച പ്രക്ഷോഭം മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. സുരക്ഷാ സേന പ്രതിഷേധ പ്രകടനങ്ങളെ പലയിടങ്ങളിലും നേരിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കണ്ണീര്‍വാതകം അടക്കം പ്രയോഗിച്ചാണ് പൊലിസ് പ്രക്ഷോഭകരെ നേരിടുന്നത്. തെഹ്‌റാനിലെ ഏഴ് സര്‍വകലാശാലകള്‍ ഉള്‍പ്പെടെ, രാജ്യത്തുടനീളമുള്ള 10 സര്‍വകലാശാലകളില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഇല്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പ്രക്ഷോഭകര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റസാ ഫര്‍സിന്‍ രാജിവയ്ക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനു ശേഷം രാജ്യത്ത് ഇത്തരത്തില്‍ പ്രക്ഷോഭം ഉയരുന്നത് ആദ്യമായാണ്. പ്രധാന നഗരങ്ങളായ ഇസ്ഫഹാനിലും ഷീറാസിലും മസ്ഹാദിലും മധ്യ ഇറാനിലും റാലികള്‍ നടന്നു. തെഹ്റാനില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് പ്രക്ഷോഭം നീങ്ങിയാല്‍ കടുത്ത നടപടിയെക്കുമെന്ന് മുന്നറിയിപ്പുണ്ട്.
സമാധാനപരമായ പ്രതിഷേധം നിയമാനുസൃതമാണെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ മുഹമ്മദ് മൊവാഹെദി-ആസാദ് പറഞ്ഞതായി ബുധനാഴ്ച ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കടുത്ത പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രിയോട് നിര്‍ദേശിച്ചതായി പ്രസിഡന്റ് എക്‌സില്‍ അറിയിച്ചു. ജനങ്ങള്‍ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചു.
അതേസമയം, ഇറാന്‍ പ്രക്ഷോഭത്തെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്തി ബിന്യമിന്‍ നെതന്യാഹുവും രംഗത്തു വന്നു. തെഹ്‌റാന്‍ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഷെയര്‍ ചെയ്തു. 'ഇറാന്റെ ഭാവി അതിന്റെ യുവാക്കളുടേതാണ്. സൈന്യം ഭീഷണിയും അക്രമവും ഉപയോഗിച്ച് അവരെ പതിവായി നേരിടുമ്പോഴും ഇറാനിലുടനീളമുള്ള യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ അവരുടെ മൗലികാവകാശങ്ങളാണ് ആവശ്യപ്പെടുന്നത്' -സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേര്‍ഷ്യന്‍ അക്കൗണ്ട് എക്സില്‍ കുറിച്ചു.
ഇറാനിലെ ജനങ്ങള്‍ അവരുടെ അവകാശങ്ങളും ഭാവിയും സുരക്ഷിതമാക്കാന്‍ പോരാടുകയാണെന്ന് നെതന്യാഹു പ്രതികരിച്ചു. രാജ്യത്ത് എന്തെങ്കിലും യഥാര്‍ഥ മാറ്റം ഉണ്ടാകണമെങ്കില്‍ അത് ഉള്ളില്‍നിന്ന് തന്നെ വരണം. അത് ഇറാനിയന്‍ ജനതയെ ആശ്രയിച്ചിരിക്കുന്നു. അവര്‍ എന്താണ് അനുഭവിക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, ഞങ്ങള്‍ക്ക് അവരോട് സഹതാപമുണ്ട് -നെതന്യാഹു ന്യൂസ്മാക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
public protests in iran have entered the third day after the iranian rial collapsed in value, with demonstrations spreading from tehran to major cities. security forces used tear gas as students protested across universities, while the central bank chief resigned amid growing economic unrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."