പേഴ്‌സനല്‍ സ്റ്റാഫുകളുടെ നിയമനം: വി.എസ് നല്‍കിയ പട്ടിക സി.പി.എം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വി.എസ് നിര്‍ദേശിച്ച പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ സി.പി.എം വെട്ടിച്ചുരുക്കി. വി.എസ് 20 പേരുടെ പട്ടികയാണ് നല്‍കിയത്. ഇതില്‍ 13 പേരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
വി.എസ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.കെ ശശിധരനെ നിയമിക്കണമെന്ന ആവശ്യവും പാര്‍ട്ടി തള്ളി. ശശിധരനെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.കെ ശശിധരന്‍.
പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ വി.എസിന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് നേരത്തെ ശശിധരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പട്ടിക വെട്ടിച്ചുരുക്കിയതിനെ കുറിച്ച് വി.എസ് പ്രതികരിച്ചിട്ടില്ല.
ഭരണപരിഷ്‌കാര കമ്മിഷന്റെ ആസ്ഥാനത്തേയും ഔദ്യോഗിക വസതിയേയും ചൊല്ലി വി.എസ് പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു. ഒടുവില്‍ അദ്ദേഹം ആവശ്യപ്പെട്ട കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി അനുവദിച്ചെങ്കിലും സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ കമ്മിഷന് ഓഫിസ് അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പകരം സെക്രട്ടേറിയറ്റിന് പുറത്തുള്ള ഐ.എം.ജിയില്‍ ഓഫിസ് അനുവദിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതില്‍ വി.എസിനുള്ള അതൃപ്തി തുടരവേയാണ് വിശ്വസ്തനായ ശശിധരനെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയത്. ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനായി ചുമതലയേറ്റതായി സ്ഥിരീകരിക്കാന്‍ വി.എസ് ഇതുവരെയും തയാറായിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."