വീടുപണിയിൽ വഞ്ചന: 56 ചാക്ക് സിമന്റ് കട്ടപിടിച്ചു: കരാറുകാരന് വൻതുക പിഴയിട്ട് എറണാകുളം ഉപഭോക്തൃ കമ്മിഷൻ
കൊച്ചി: വീട് നിർമ്മാണത്തിൽ ഗുരുതരമായ കരാർ ലംഘനം നടത്തുകയും നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കരാറുകാരന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ വിധിച്ചു. നായത്തോട് സ്വദേശി ഔസേപ്പ് ജോർജ്ജ് കരുമാത്തി സമർപ്പിച്ച പരാതിയിലാണ് കരാറുകാരനായ ഷിജോ യോഹന്നാനെതിരെ കമ്മിഷൻ ഉത്തരവിട്ടത്. വൻതുക കൈപ്പറ്റിയിട്ടും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ കരാറുകാരന്റെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.
2017 നവംബറിലാണ് രണ്ട് വീടുകളുടെ നിർമ്മാണത്തിനായി പരാതിക്കാരൻ കരാറുകാരനുമായി കരാറിൽ ഏർപ്പെട്ടത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം രൂപ (9,30,900) പരാതിക്കാരൻ കൈമാറിയിരുന്നു. എന്നാൽ, 2018 ഓഗസ്റ്റിൽ യാതൊരുവിധ മുൻകൂർ അറിയിപ്പോ കൃത്യമായ കാരണമോ ഇല്ലാതെ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയായിരുന്നു. പണി മുടങ്ങിയതോടെ വീട്ടുടമ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.
നിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ പരിശോധിക്കാൻ കോടതി നിയോഗിച്ച വിദഗ്ധ സംഘം കെട്ടിടങ്ങളിൽ വിശദമായ പരിശോധന നടത്തി. രണ്ട് കെട്ടിടങ്ങളുടെയും പണി പകുതി പോലും പൂർത്തിയായിട്ടില്ലെന്നും ഭിത്തികൾ, വാതിലുകൾ, ജനലുകൾ തുടങ്ങിയവ സ്ഥാപിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. കൂടാതെ, കരാറുകാരന്റെ അശ്രദ്ധ മൂലം നിർമ്മാണത്തിനായി എത്തിച്ച 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിലായിരുന്നു. ഇതോടെ ഗുണനിലവാരമില്ലാത്ത നിർമ്മാണ രീതിയാണ് കരാറുകാരൻ പിന്തുടർന്നതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തിയായി എന്നായിരുന്നു കരാറുകാരൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം തെറ്റാണെന്ന് വിദഗ്ധ റിപ്പോർട്ടിലൂടെ കമ്മീഷൻ കണ്ടെത്തി. ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച്, വൻതുക വാങ്ങി നിർമ്മാണം പാതിവഴിയിൽ നിർത്തുന്നത് ഉപഭോക്താവിനോടുള്ള കടുത്ത വഞ്ചനയാണെന്നും അത് സേവനത്തിലെ വലിയ പോരായ്മയാണെന്നും നിരീക്ഷിച്ചു. പരാതിക്കാരന് നേരിടേണ്ടി വന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് കരാറുകാരൻ ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു.
പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും ഉൾപ്പെടെ 1,10,000 രൂപ 30 ദിവസത്തിനുള്ളിൽ നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരന് വേണ്ടി അഡ്വ. ജെ. സൂര്യ ഹാജരായി. കരാർ ലംഘനങ്ങൾ നടത്തുന്ന കെട്ടിട നിർമ്മാതാക്കൾക്ക് ഈ വിധി വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്.
The Ernakulam District Consumer Disputes Redressal Commission has ordered a building contractor, Shijo Yohannan, to pay a fine of ₹1.10 lakh for breach of contract and service deficiency. The complaint was filed by Ouseph George Karumathi, a native of Nayathode, who entered into an agreement in 2017 for the construction of two houses. Despite receiving over ₹9.30 lakh, the contractor abandoned the project in August 2018 without prior notice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."