കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു
കാഞ്ഞങ്ങാട്: സഞ്ചരിക്കുന്ന വില്‍പനശാലകള്‍ക്കായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. സംസ്ഥാനത്തെ ഒരോ നിയോജക മണ്ഡലങ്ങളിലും ഒരെണ്ണമെന്ന തോതില്‍ 140 മണ്ഡലങ്ങളിലും കണ്‍സ്യൂമര്‍ഫെഡ് മൊബൈല്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നു. ഈ വാഹനങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം തുരുമ്പെടുക്കുന്നത്. ആരംഭകാലത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് അധികൃതഅനാസ്ഥ കാരണം ഇത്തരത്തില്‍ നശിക്കുന്നത്
.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കായി വാങ്ങിയ 16 വണ്ടികളാണ് കാഞ്ഞങ്ങാട്, നീലേശ്വരം, കണ്ണൂരിലെ ചക്കരക്കല്‍ എന്നിവിടങ്ങളില്‍ തുരുമ്പെടുത്ത് കിടക്കുന്നത്. കെടുകാര്യസ്ഥതയും തോന്നിയപടി ജീവനക്കാരെ നിയമിച്ചതിനാലും ത്രിവേണിയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ക്ക് പുറമേ കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ നന്മസ്റ്റോറുകളുടെ പ്രവര്‍ത്തനങ്ങളും നിലച്ചിട്ട് വര്‍ഷങ്ങളായി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ പല നന്മ സ്റ്റോറുകളും പൂട്ടിയതോടെ കടകളില്‍ ബാക്കിവന്ന സാധനങ്ങള്‍ മുഴുവന്‍ നീലേശ്വരം ബ്ലോക്ക് ഓഫിസ് ഗോഡൗണിലേക്ക് മാറ്റിയിരുന്നു. കോട്ടച്ചേരിയിലെ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ഇടയ്ക്കിടെ നഗരത്തിലെ വിവിധ കെട്ടിടങ്ങളില്‍ക്കൂടി സഞ്ചരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരമായി ഒരു കെട്ടിടത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിലെ നയാബസാറിലുള്ള ഒരു കെട്ടിടത്തിലേക്ക് സൂപ്പര്‍ മാര്‍ക്കറ്റ് ഈയടുത്താണ് മാറിയത്. മഡിയനിലെ കെട്ടിടത്തിന് മോഡി കൂട്ടാന്‍ 25 ലക്ഷം രൂപ ചെലവഴിച്ചതിനെ തുടര്‍ന്ന് അഴിമതി ആരോപണം ഉയരുകയും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടന്നുവരുകയും ചെയ്യുന്നുണ്ട്.
സഹകരണ സംഘം രജിസ്ട്രാര്‍ വന്ന് പരിശോധിച്ച ശേഷം ഉപയോഗശൂന്യമായ സാധനങ്ങളും മറ്റു വസ്തുക്കളും ലേലം ചെയ്തു വില്‍ക്കാനും ബാക്കിയുള്ളവ നശിപ്പിക്കാനുമാണ് തീരുമാനം. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് രൂപ നഷ്ടത്തിന്റെ കണക്കുള്ള കണ്‍സ്യൂമര്‍ ഫെഡിന് ഇതുകാരണം കോടികളുടെ നഷ്ടമാണുണ്ടാവുക. കാസര്‍കോട് ജില്ലയില്‍ എട്ടു ത്രിവേണി സ്റ്റോറുകളും എഴു നന്മ സ്റ്റോറുകളുമാണുണ്ടായിരുന്നത്. ത്രിവേണി സ്റ്റോറുകള്‍ തട്ടിയും, തടഞ്ഞും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥാപനങ്ങളും മാസത്തില്‍ ഇരുപതിനായിരം രൂപ വരെ നഷ്ടം സഹിച്ചാണ് നടത്തിക്കൊണ്ടു പോകുന്നതെന്നും സൂചനയുണ്ട്. ജില്ലയില്‍ 500 രൂപ പോലും വിറ്റുവരവില്ലാത്ത പല കടകളും അവരുടേതായി ഉണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."