മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം
റായ്‌പൂർ: ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. പുരുലിയ ജില്ലയിലെ ചെപ്രി ഗ്രാമത്തിൽ നിന്നുള്ള മുസ്‌ലിം തൊഴിലാളികൾക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ ഒരു ബ്രെഡ് ഫാക്ടറിയിൽ ജോലി എടുക്കുന്ന എട്ട് തൊഴിലാളികളെയാണ് ആക്രമിച്ച് പുറത്താക്കിയതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു. ആക്രമണം നേരിടേണ്ടി വന്ന എട്ടുപേരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഫാക്ടറി ഉടമയോട് ന്യായമായ വേതനം ചോദിച്ചതാണ് കടുത്ത അക്രമത്തിന് കാരണമായത്. ജനുവരി 4 ന് ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ പത്രപാര പ്രദേശത്തുള്ള ജയ്ദുർഗ ബേക്കറിയിലാണ് ആക്രമണം നടന്നത്. ഷെയ്ഖ് ജാസിം, ഷെയ്ഖ് അസ്ലം, ഷെയ്ഖ് ബാബി, ഷെയ്ഖ് ജുൽഫുകാർ പ്രായപൂർത്തിയാകാത്ത ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് മിനാർ, അർബാസ് കാസി, ഷെയ്ഖ് സാഹിൽ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ഷെയ്ഖ് ജാസിം മൂന്ന് മാസമായി ബേക്കറിയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് തൊഴിലുടമയുടെ അവശ്യ പ്രകാരം മറ്റ് ഏഴ് തൊഴിലാളികളെയും കൂടെ ഷെയ്ഖ് ജാസിം ജോലിക്കായി കൊണ്ടുവന്നു. ശൈത്യകാലത്ത് ഉൽപാദനം കൂടുതലായതിനാൽ ഏഴ് തൊഴിലാളികളെ കൂടി ആവശ്യമാണെന്ന് ഫാക്ടറി ഉടമ രാകേഷ് ജിൻഡാൽ ആവശ്യപ്പെട്ടിരുന്നു. ബേക്കറിയിൽ എല്ലാ ദിവസവും ഏകദേശം ആറ് ചാക്ക് (3 ക്വിന്റൽ) മാവ് ഉപയോഗിച്ചിരുന്നെന്നും ശൈത്യകാലത്ത് ഉത്പാദനം വർദ്ധിച്ചുകൊണ്ടിരുന്നുവെന്നും ഷെയ്ഖ് ജാസിം പറഞ്ഞു.
ഡിസംബർ 25 ന് ശേഷം, ഉത്പാദനം അല്പം കുറഞ്ഞപ്പോൾ, തൊഴിലാളികളെ ഇനി നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഉടമ രാകേഷ് ജിൻഡാൽ പറഞ്ഞു. എന്നാൽ ഇവർക്ക് വാഗ്ദാനം ചെയ്ത പണം നൽകാൻ ഉടമ തയ്യാറായില്ല. "എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത തുക നൽകാത്തതെന്ന് തൊഴിലാളികൾ ഉടമയോട് ചോദിച്ചതായി ആക്രമണത്തിന് ഇരയായ ഷെയ്ഖ് അസ്ലം പറഞ്ഞു. എന്നാൽ ഇതിന് മറുപടി പറയാതെ ജനുവരി 4 ന് മുമ്പ് സ്ഥലം വിടാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്.
എന്നാൽ, അവിടെ നിന്നും പോകാതിരുന്ന ഇവരെ ഉടമയുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു സംഘം ബജ്‌റംഗ്ദൾ ഗുണ്ടകൾ ബേക്കറിയിൽ എത്തി ആക്രമിക്കുകയായിരുന്നു. 'ജയ് ശ്രീറാം' എന്ന് വിളിച്ചായിരുന്നു ആക്രമണം. ആക്രമിച്ചതിനു ശേഷം അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്ന് തൊഴിലാളികൾ പറഞ്ഞു.
“ഞങ്ങൾ ബംഗ്ലാദേശികളാണെന്ന് അവർ (ബജ്‌റംഗ്ദൾ ഗുണ്ടകൾ) പറഞ്ഞു. ഞങ്ങൾ അവർക്ക് ആധാർ കാർഡുകൾ കാണിച്ചുകൊടുത്തു, പക്ഷേ അവർ അത് മാറ്റിവെച്ച് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. ഉടമ ഇടപെട്ടില്ല. ഉടൻ പോകണമെന്നും അല്ലെങ്കിൽ ഞങ്ങളെ കൊല്ലുമെന്നും പറഞ്ഞ് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി.” മറ്റൊരു ഇരയായ ജാസിം പറഞ്ഞു
ആക്രമണം ആരംഭിച്ച് അൽപ്പസമയത്തിനുശേഷം പൊലിസ് എത്തിയെങ്കിലും അവർ ഇടപെട്ടില്ലെന്നും ജാസിം പറഞ്ഞു. ശക്തമായ അടിയേറ്റതിനാൽ ഞങ്ങൾ നിലത്തു വീണു. അവസാനം പൊലിസ് ഇടപെട്ടു. അവർ ഞങ്ങളെ രക്ഷപ്പെടുത്തി, എട്ട് പേരെയും സൂരജ്പൂർ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി - തൊഴിലാളികൾ പറഞ്ഞു.
ആക്രമണത്തിന് ഇരയായ എട്ട് തൊഴിലാളികളും പശ്ചിമ ബംഗാളിലെ ജംഗൽമഹലിലെ പുരുലിയ ജില്ലയിലെ ചെപ്രി ഗ്രാമത്തിൽ നിന്നുള്ളവരാണ്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 256 കിലോമീറ്റർ അകലെയുള്ള ചെപ്രി ഗ്രാമത്തിൽ ഏകദേശം 300 മുസ്ലീം കുടുംബങ്ങളാണ് ഉള്ളത്.
ആക്രമണത്തെത്തുടർന്ന്, ഷെയ്ഖ് ജാസിം, ഷെയ്ഖ് അസ്ലം, ഷെയ്ഖ് ബാബി, ഷെയ്ഖ് ജുൽഫുകാർ എന്നീ നാല് തൊഴിലാളികൾ പുരുലിയയിലേക്ക് മടങ്ങി, ബാക്കിയുള്ള നാല് പേർ, പ്രായപൂർത്തിയാകാത്ത ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് മിനാർ, അർബാസ് കാസി, ഷെയ്ഖ് സാഹിൽ എന്നിവർ ഇപ്പോഴും സൂരജ്പൂരിലെ ഒരു സർക്കാർ ഷെൽട്ടർ ഹോമിലാണ്. പുരുലിയയിലെ ജില്ലാ പൊലിസ് ഈ തൊഴിലാളികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്.
ആക്രമണത്തിന് ശേഷം ഛത്തീസ്ഗഡിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾ ഇനി പുറത്തേക്ക് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ നടന്ന ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് അവർ മോചിതയായിട്ടില്ല. പുറത്തേക്ക് പോകാൻ അവർക്ക് ധൈര്യമില്ലാത്ത അവസ്ഥയിലാണ് ഉള്ളത്. സ്വന്തം ഗ്രാമത്തിലും സമീപത്തും ജോലി ലഭ്യമല്ലാത്തതിനാൽ എട്ട് കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
കുടിയേറ്റ തൊഴിലാളികളായി മറ്റ് സ്ഥലങ്ങളിലേക്ക് ജോലി ചെയ്യുന്ന നിരവധിപേർ ഈ ഗ്രാമത്തിൽ ഉണ്ട്. ഇപ്പോഴുണ്ടായ ക്രൂരമായ ആക്രമണ സംഭവത്തിന് ശേഷം, ചെപ്രി ഗ്രാമത്തിലാകെ ഭയത്തിന്റെ കരിനിഴൽ വീണിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."