നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്ററ്റം ആവശ്യമെന്ന് ഖത്തര്‍
ദോഹ: പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങളും പദ്ധതികളും മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ജീവിത ശീലങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വബോധം ഓരോ വ്യക്തിയിലും ഉണ്ടാകുമ്പോഴാണ് ദീര്‍ഘകാല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതെന്നും ഖത്തര്‍ പരിസ്ഥിതികാലാവസ്ഥാ മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ലെന്നും, സമൂഹത്തിലെ എല്ലാവരു ഇതില്‍ പങ്കാളികളാകണമെന്നും അധികൃതര്‍ പറഞ്ഞു. മാലിന്യങ്ങള്‍ കുറയ്ക്കുക, വെള്ളവും വൈദ്യുതിയും ഉപയോഗം നിയന്ത്രിക്കുക, പ്രകൃതിയോടുള്ള കരുതല്‍ ജീവിതത്തിന്റെ ഭാഗമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിയമങ്ങള്‍ കൊണ്ടുവരുന്നതിലൂടെ മാത്രം മാറ്റം സാധ്യമാകില്ലെന്നും, ജനങ്ങളുടെ ചിന്താഗതിയിലും പ്രവൃത്തികളിലും മാറ്റം ഉണ്ടാകണം എന്നതാണ് ഖത്തറിന്റെ സമീപനമെന്നും മന്ത്രാലയം അറിയിച്ചു. കുട്ടികള്‍, യുവാക്കള്‍, കുടുംബങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. പരിസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്കത് മനസ്സിലാകുന്ന തരത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണമൊരു പ്രത്യേക ദിനത്തിലോ പ്രചാരണത്തിലോ ഒതുങ്ങരുതെന്നും, അത് ദിവസേനയുളള ജീവിതശൈലിയായി മാറണമെന്നും അധികൃതര്‍ പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ നിന്ന് തുടങ്ങുന്ന മാറ്റങ്ങളാണ് വലിയ ഫലങ്ങള്‍ ഉണ്ടാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭാവി തലമുറകള്‍ക്ക് സുരക്ഷിതവും ശുദ്ധവുമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനായി എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഖത്തര്‍ അധികൃതര്‍ പറഞ്ഞു. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിയും സ്വന്തം കടമയായി കാണണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
Qatar emphasizes the importance of behavioural change among citizens to protect the environment, highlighting that laws alone are not enough and public participation is essential for sustainability
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."