ഓള്‍ഡ് ദോഹ പോര്‍ട്ട് മത്സ്യബന്ധന മത്സരം; 6 ലക്ഷം റിയാലിലധികം സമ്മാനങ്ങള്‍
ദോഹ: ഖത്തറിലെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടക്കുന്ന വാര്‍ഷിക മത്സ്യബന്ധന മത്സരത്തിന് ഈ വര്‍ഷം 6 ലക്ഷം റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 25 മുതല്‍ 27 വരെ നടക്കുന്ന മത്സരത്തിന്റെ മൂന്നാം പതിപ്പാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മത്സരാര്‍ഥികളും വന്‍ സമ്മാനങ്ങളുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ടാങ്ക് 500 മോഡല്‍ കാര്‍ സമ്മാനമായി നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ടാങ്ക് 300 വാഹനവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഹാവല്‍ എച്ച്9 വാഹനവുമാണ് ലഭിക്കുക. ടെസീര്‍ മോട്ടോഴ്‌സിന്റെ പിന്തുണയോടെയാണ് പ്രധാന സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് പണമുള്‍പ്പെടെയുള്ള മറ്റ് ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മത്സരത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. മത്സ്യബന്ധന മത്സരത്തിനൊപ്പം മത്സ്യബന്ധന പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഖത്തറിന്റെ സമുദ്ര സംസ്‌കാരവും പരമ്പരാഗത മത്സ്യബന്ധന രീതികളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മത്സര ദിവസങ്ങളില്‍ ടീമുകള്‍ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നിന്ന് കടലിലേക്ക് പുറപ്പെടുകയും ഏറ്റവും വലിയ കനാദ് (കിംഗ്ഫിഷ്) പിടികൂടാന്‍ ശ്രമിക്കുകയും ചെയ്യും. ഓരോ ടീമും പിടികൂടുന്ന ഏറ്റവും വലിയ മത്സ്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തി സമര്‍പ്പിക്കണം. മത്സ്യത്തിന്റെ ഭാരം ഉള്‍പ്പെടെയുള്ള വിവരങ്ങളുമിതില്‍ വ്യക്തമാക്കണം.
മാര്‍ച്ച് 28ന് എല്ലാ ടീമുകളും തുറമുഖത്ത് തിരിച്ചെത്തി മത്സ്യങ്ങളുടെ തൂക്കം നേരിട്ട് പരിശോധിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സ്യത്തിന്റെ ഭാരമാണ് വിജയികളെ തീരുമാനിക്കുന്ന പ്രധാന മാനദണ്ഡം.
മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും ഖത്തറി പൗരനായ ഒരു ക്യാപ്റ്റന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.എന്നാല്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന പരിചയമുള്ളവരും ഖത്തറില്‍ താമസിക്കുന്ന മത്സ്യബന്ധനത്തെ ഇഷ്ടപ്പെടുന്നവരും ടീമംഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Old Doha Port will host its annual fishing competition with prizes worth over QR600,000, including cars and cash awards, celebrating Qatar’s marine heritage and fishing traditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."