രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി; നടപടിക്ക് സാധ്യത
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സംഭവത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിയിലേക്ക്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ശ്രീനാദേവിക്ക് വിശദീകരണ നോട്ടീസ് നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകൾ പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. സംഭവത്തിൽ നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകാൻ ശ്രീനാദേവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിസിസി അറിയിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംഭവത്തിൽ വിവരങ്ങൾ തേടിയതായും ഡിസിസി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികളിൽ സംശയം പ്രകടിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. "അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണം. ഒന്നാമത്തെ പരാതിയിലെ ആരോപണം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലെ മൊഴികളിലും പൊരുത്തക്കേടുകളുണ്ട്" എന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നത്.
പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നൽകിയെന്നതടക്കമുള്ള മൊഴികൾ സംശയകരമാണെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെ അതിജീവിത ശ്രീനാദേവിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. അതിജീവിതയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും സത്യത്തിനൊപ്പമാണ് നിലനിൽക്കുന്നതെന്നും അവർ വ്യക്തമാക്കി. വ്യാജ പരാതികളിലൂടെ തന്നെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും ഇ-മെയിൽ വഴി നൽകിയ പരാതിയിൽ അവർ ആരോപിക്കുന്നു.
The Pathanamthitta District Congress Committee (DCC) has sought a formal explanation from District Panchayat member Sreenadevi Kunjhamma for publicly supporting MLA Rahul Mamkootathil, who was recently arrested in a rape case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."