ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആരോഗ്യനില കണക്കിലെടുത്ത് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി നാളെ റിമാൻഡ് ചെയ്യും. പക്ഷാഘാതത്തെ തുടർന്നാണ് കെ.പി. ശങ്കരദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ദേവസ്വം ബോർഡിലെ മുഴുവൻ അംഗങ്ങളും അറസ്റ്റിലായി.
ശങ്കരദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ എ.പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമായിരുന്നു ശങ്കരദാസ്.
പ്രതി ചേർക്കപ്പെട്ട അന്നുമുതൽ ശങ്കരദാസ് ആശുപത്രിയിൽ അഭയം തേടിയതിനെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. "മകൻ എസ്.പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച" എന്ന കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം നടപടി വേഗത്തിലാക്കിയത്.
സ്വർണത്തിന് പകരം ചെമ്പ് സ്ഥാപിക്കാനുള്ള തീരുമാനം ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് മുൻ പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് മുൻ ഭരണസമിതിയിലെ മറ്റംഗങ്ങളായ എൻ. വിജയകുമാറിനെയും ഇപ്പോൾ ശങ്കരദാസിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ശങ്കരദാസ് നൽകിയ ഹരജി നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു. "നിങ്ങൾ ദൈവത്തെപ്പോലും വെറുതെ വിട്ടില്ലല്ലോ" എന്ന പരാമർശത്തോടെയായിരുന്നു കോടതി ഇടപെടാൻ വിസമ്മതിച്ചത്.
Sabarimala gold theft case: Former Devaswom Board member K.P. Sankaradas arrested. Former Travancore Devaswom Board member K.P. Sankaradas has been arrested by the Special Investigation Team (SIT) in connection with the Sabarimala gold theft case. The arrest took place at a hospital where Sankaradas is currently undergoing treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."