'വിചാരണ നീളുമ്പോള്‍ ജാമ്യം അനുവദിക്കണം, അതാണ് നിയമം, അതാണ് നീതി' ഉമര്‍ഖാലിദ് കേസില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
ജയ്പൂര്‍: ഉമര്‍ ഖാലിദിന് ജാമ്യം അനുവദിക്കാത്ത നിലപാടില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിന് മുമ്പ് ജാമ്യം നല്‍കേണ്ടത് അവകാശത്തിന്റെ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സങ്‌വിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. ഒരു വിരമിച്ച ജഡ്ജിയായല്ല ഇന്ത്യയിലെ പൗരനായാണ് താന്‍ സംസാരിക്കുന്നതെന്ന മുഖവുരയോടെയാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിക്കാത്ത വിഷയത്തില്‍ അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് ജാമ്യം എന്നത് പൗരന്റെ അവകാശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാള്‍ വിചാരണ തടവുകാരനായി അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം അയാളെ നിരപരാധിയെന്ന് കണ്ടെത്തി വെറുതെ വിട്ടാല്‍ ജീവിതത്തിലെ നഷ്ടപ്പെട്ട സമയം അയാള്‍ക്ക് ആര് തിരിച്ച് കൊടുക്കും-ചന്ദ്രചൂഢ് ചോദിച്ചു.
വിവിധ കേസുകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ്, പ്രതി സമൂഹത്തിലേക്ക് മടങ്ങിവന്ന് വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ ജാമ്യം നിഷേധിക്കാമെന്ന് പറഞ്ഞു. ഒരു സീരിയല്‍ കൊലപാതകിയോ ബലാത്സംഗം ചെയ്തയാളോ മറ്റോ ആണെങ്കില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ജാമ്യം നിഷേധിക്കാം- അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെങ്കിലും ജാമ്യം നിഷേധിക്കാം. ഇവിടെ കേസ് ആഴത്തില്‍ പരിശോധിക്കേണ്ടത് കോടതിയുടെ കടമയാണെന്ന് ഞാന്‍ കരുതുന്നു. അല്ലെങ്കില്‍, സംഭവിക്കുന്നത് ആളുകള്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുക എന്നതാണ്,' അദ്ദേഹം പറഞ്ഞു.
വിചാരണക്ക് കൃത്യമായ ഹാജരാകാത്തയാള്‍ക്കും അന്വേഷണവുമായി സഹകരിക്കാത്തവര്‍ക്കും ജാമ്യം നിഷേധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളവര്‍ക്കും ജാമ്യം നിഷേധിക്കാം- അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കള്‍ 21 പ്രകാരം അതിവേഗ വിചാരണ എല്ലാവരുടേയും അവകാശമാണെന്നും ചന്ദ്രചൂഢ് വ്യക്തമാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്തംബര്‍ മുതല്‍ ജയിലിലാണ് ഉമര്‍ ഖാലിദ്. ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്, ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഉമര്‍ ഖാലിദിന് ഇടക്കാല ആശ്വാസം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."