വധക്കേസ്: രക്ഷപെട്ട പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്
നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കുണ്ടുതോട് സ്വദേശിയും തൊട്ടില്‍പ്പാലത്തെ ടാക്‌സി ഡ്രൈവറുമായ കുഞ്ഞിപ്പറമ്പത്ത് രാജീവനെതിരേയാണ് (35) പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച ഇയാള്‍ പൊലിസിനെ വെട്ടിച്ചു ജീപ്പ് ഉപേക്ഷിച്ച് കുറ്റ്യാടിയില്‍ നിന്നു വിദഗ്ധമായി മുങ്ങുകയായിരുന്നു. അസ്‌ലം വധക്കേസിലെ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചത് ഇയാളാണെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് തൊട്ടില്‍പ്പാലത്ത് നിന്ന് അറസ്റ്റുചെയ്യാതെ പുറത്തെത്തിച്ച് കസ്റ്റഡിയില്‍ എടുക്കാനായിരുന്നു ശ്രമംനടത്തിയത്. ഇതിനായി മഫ്തിയിലെത്തിയ പൊലിസ് ഇയാളെ തൊട്ടില്‍പ്പാലത്തു നിന്ന് തന്ത്രപൂര്‍വം ഓട്ടംവിളിച്ച് വടകര ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്നു. ജീപ്പ് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ സി.ഐ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരെ കണ്ട ഇയാള്‍ മഫ്തിയില്‍ ജീപ്പിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കേരളത്തിലും പുറത്തുമുള്ള വിമാനത്താവളങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഇയാളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിനിടയില്‍ കേസന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥരെ വീണ്ടും മാറ്റി. നേരത്തെ അന്വേഷണച്ചുമതല കുറ്റ്യാടി സി.ഐ ടി. സജീവനായിരുന്നു. ഇയാളില്‍ നിന്നു ചുമതലമാറ്റി ഇപ്പോള്‍ നാദാപുരം സി.ഐ ജോഷി തോമസിനാണ് നല്‍കിയിരിക്കുന്നത്. നേരത്തെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എ.എസ്.പി കറപ്പസാമിയെ മാറ്റിയാണ് അഴിച്ചുപണിക്ക് തുടക്കംകുറിച്ചത്. ഇയാളെ വൈക്കത്തേക്കാണ് സ്ഥലം മാറ്റിയത്. പിന്നീട് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി. കറപ്പസാമിയെ മാറ്റി വടകര ഡിവൈ.എസ്.പിയായ കെ. ഇസ്മാഈലിനെ നാദാപുരത്തേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. കൊലപാതകം നടന്നു ഇന്നത്തേക്ക് ഒരു മാസം തികഞ്ഞിട്ടും കേസിലെ പ്രധാന പ്രതികളെ വലയിലാക്കാന്‍ പൊലിസിനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."