ദീപകിന്റെ മരണം: ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടിസ്
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിതയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി പൊലിസ് കേസെടുത്തതിന് പിന്നാലെ വടകര സ്വദേശിയായ ഷിംജിത മുസ്തഫ ഒളിവിലാണ്. യുവതിയെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
യുവതി മംഗളുരുവിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. രാജ്യം വിട്ടുപോവാതിരിക്കാനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണമാരംഭിച്ചു.
അതേസമയം ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം യുവതി ആരംഭിച്ചതായാണ് പൊലിസിന് ലഭിച്ച വിവരം. യുവതിയോട് മൊബൈല്‍ ഫോണില്‍ നിന്ന് വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതിന് ശേഷമാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു.
രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസിലെ ദൃശ്യങ്ങളാണ് പൊലിസ് ശേഖരിച്ചത്. ബസില്‍ വച്ച് ഇത്തരത്തില്‍ യുവാവ് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ബസില്‍ ആരും പരാതിപ്പെട്ടിട്ടില്ല. പൊലിസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നെങ്കിലും അവിടെ വച്ചും ആരും പരാതി അറിയിച്ചില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ബസില്‍ യാത്ര ചെയ്തവരില്‍ നിന്നും പൊലിസ് മൊഴിയെടുക്കും.
കഴിഞ്ഞ വെള്ളിയാഴ്ച ബസ് യാത്രക്കിടെയാണ് ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു.ദീപകിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."