അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി
ന്യൂഡൽഹി: പശുവിറച്ചി വീട്ടിൽ സൂക്ഷിക്കുന്നുവെന്നാരോപിച്ച് ഡൽഹിക്കടുത്തുള്ള യു.പി ഗ്രാമമായ ദാദ്രിയിൽ മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടിൽക്കയറി തല്ലിക്കൊന്ന കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഗൗതം ബുദ്ധ നഗർ സെഷൻസ് കോടതി തള്ളി. നിലവിലെ കോടതിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന പ്രതികളുടെ ആരോപണം ആശങ്ക മാത്രമാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
വിചാരണ മാറ്റുന്നത് കക്ഷികളുടെ സൗകര്യത്തിനോ സംശയത്തിന്റെ അടിസ്ഥാനത്തിലോ ആകരുതെന്ന് സെഷൻസ് ജഡ്ജി അതുൽ ശ്രീവാസ്തവ വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള യു.പി സർക്കാരിന്റെ അപേക്ഷ കഴിഞ്ഞമാസം കോടതി തള്ളിയിരുന്നു. ആൾക്കൂട്ട കൊലപാതകം സമൂഹത്തിനെതിരെയുള്ള ഗൗരവകരമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ കോടതിയെ സമീപിച്ചത്.
2015 സെപ്റ്റംബറിൽ പടിഞ്ഞാറൻ യു.പിയിലെ ദാദ്രിയിലുള്ള ബിസാര ഗ്രാമത്തിലായിരുന്നു സംഭവം. അഖ്‌ലാഖിന്റെ വീട്ടിൽ പശുവിറച്ചി സൂക്ഷിക്കുന്നുണ്ടെന്ന് സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകുകയും തുടർന്ന് നൂറിലേറെ വരുന്ന അക്രമികൾ അഖ്‌ലാഖിനെയും വിദ്യാർഥിയായ മകനെയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയുൾപ്പെടെ 18 പേരാണ് കേസിലെ പ്രതികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."