അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ
കുണിയ (കാസര്‍കോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുമടങ്ങിയ ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് കുണിയയില്‍ തുടക്കം. അഞ്ചര ഏക്കര്‍ സ്ഥലത്താണ് എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് കര്‍ണാടക ഹജ്ജ് മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷനാകും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയാകും. ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ എക്‌സ്‌പോ തീം പരിചയപ്പെടുത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ബാബുരാജ്, സമസ്ത സമ്മേളന കോഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എക്‌സ്‌പോ ചെയര്‍മാന്‍ ഹാഷിം ദാരിമി ദേലംപാടി, വി. ശാഫി കുണിയ, ടി. ഉമര്‍ കുണിയ, മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ മുതലാണ് എക്‌സ്‌പോയില്‍ പ്രവേശനം. നാളെയും മറ്റന്നാളും സ്തീകള്‍ക്ക് മാത്രമാണ് പ്രവേശനം. രണ്ടു മുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കുമാണ് എക്‌സ്‌പോയില്‍ പ്രവേശനം. 10 പവലിയനുകളിലൊന്നായ ഖാസി മുഹമ്മദ് സ്‌ക്വയറില്‍ എല്ലാദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി വരെ അന്തര്‍ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനല്‍ ഡിസ്‌കഷനുകളും നടക്കും.
സമസ്ത നൂറാം വാര്‍ഷിക സമ്മേളന സമാപന ദിവസമായ ഫെബ്രുവരി എട്ടുവരെ നടക്കുന്ന എക്‌സ്‌പോയില്‍ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും നടക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഏഴുവരെ വൈകീട്ട് നാലിനാണ് പാനല്‍ ഡിസ്‌കഷനുകള്‍.
ഒന്നിന് 'അറിഞ്ഞാണോ പഠിക്കുന്നത്', രണ്ടിന് ദേശാന്തര അടരുകള്‍, മൂന്നിന് കൊവിഡാനന്തര ആരോഗ്യം, നാലിന് ഇശല്‍ കേരളം, അഞ്ചിന് സൈന്‍ ഇന്‍, ആറിന് മനം മടുക്കാമോ, ഏഴിന് ഗ്ലോബല്‍ സഫര്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും.
രണ്ടു മുതല്‍ ഏഴുവരെ യഥാക്രമം ബുര്‍ദ മജ്‌ലിസ്, ദഫ്മുട്ട്, ദ്വീപ് റാത്തീബ്, ഗസല്‍, ഖവാലി, അറബന മുട്ട്, ഇലല്‍ ഹബീബ്, ലഹ്നുല്‍ യമന്‍, അലിഫ് ലാം മീം, ഇന്റര്‍നാഷണല്‍ സൂഫി ഗീത്, മജ്‌ലിസുന്നൂര്‍, ഫനാഫില്ലാഹ്, മദ്ഹ് മാര്‍ഷപ്പ്, ഖിസ്സപ്പാട്ട്, ഇശല്‍, ആത്മഗീത്, മദ്ഹ് മാര്‍ഷപ്പ്, ത്വയ്ബ എന്നീ പരിപാടികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."