എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽനിന്ന് സംസ്ഥാനത്താകെ 9,868 പേർ കൂടി പുറത്തായി. ഹിയറിങ് കാലഘട്ടത്തിൽ അനർഹരെന്നു കണ്ടെത്തിയവരെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24,08,503 പേർ പുറത്തായിരുന്നു. 2,78,50,855 പേരുണ്ടായിരുന്ന വോട്ടർ പട്ടിക 2,54,42,352 ആയി ചുരുങ്ങി. ഇതിലാണ് ഇപ്പോൾ വീണ്ടും വെട്ടലുണ്ടായിരിക്കുന്നത്. ഇപ്പോൾ പുറത്തായവരിൽ 1,441 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 997 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച വിദേശ പൗരരും, 7,430 പേർ ഇതര സംസ്ഥാനങ്ങളിലേക്കോ, മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. വളരെ കൃത്യമായ പരിശോധനയുടെ ഫലമായാണ് അനർഹരെ ഒഴിവാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
അതേസമയം, കേരളത്തിലെ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തേ ഇത് ജനുവരി 22 ആയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇന്നുവരെ ലഭിക്കുന്ന അപേക്ഷകളാണ് അന്തിമ വോട്ടർപട്ടികയ്ക്കായി പരിഗണിക്കുക. നാളെ മുതൽ ലഭിക്കുന്ന അപേക്ഷകൾ സപ്ലിമെന്ററി വോട്ടർപട്ടികയിലായിരിക്കും ഉൾപ്പെടുത്തുക. ഓൺലൈനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ, മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെയോ വെബ്‌സൈറ്റുകൾ വഴിയോ ബി.എൽ.ഒമാർ വഴി നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.
ബി.എൽ.ഒ മാർക്ക് പുതിയ തലവേദന
പുത്തനത്താണി (മലപ്പുറം): പുതുതായി വോട്ടു ചേർക്കുന്നതിന് ബൂത്ത് കാണിച്ചില്ലങ്കിലും അപേക്ഷ സമർപ്പിക്കാനാവുന്നത് ബി.എൽ.ഒമാർക്ക് തലവേദന. ആപ്പിൽ എത്തിയ അപേക്ഷകൾ വെരിഫിക്കേഷൻ ചെയ്യാനാവാതെ എ.ഇ.ആർ.ഒ മാർക്ക് തിരിച്ചയക്കുകയാണ്. തിരിച്ചയക്കുന്ന അപേക്ഷകളിൽ എന്ത് നടപടിയുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല.ബി.എൽ.ഒ ആപ്പിൽ വെരിഫിക്കേഷന് എത്തുന്ന അപേക്ഷകളിൽ ആദ്യമായി ബൂത്തിലുള്ള വോട്ടറാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന മറുപടി നൽകി സബ്മിറ്റ് ചെയ്യുമ്പോൾ എ.ഇ.ആർ.ഒ മാർക്ക് തിരിച്ചുപോവുകയാണ് ചെയ്യുന്നത്.
'അല്ല' എന്ന മറുപടി നൽകും മുൻപ് വോട്ടറുടെ ബൂത്ത് അറിയുന്ന ബി.എൽ.ഒ മാർ റിമാർക്സിൽ ബൂത്ത് നമ്പർ ചേർത്താണ് സബ്മിറ്റ് ചെയ്യുന്നത്. എന്നാൽ റിമാർക്സിൽ കാണിച്ച ബൂത്ത് നമ്പർ കാണാൻ കഴിയുന്നില്ലന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിയുന്നത്.ബൂത്ത് കാണിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നത് ഈ സാഹചര്യത്തിൽ പ്രയാസമാണ്. ബി.എൽ.ഒമാർ തിരിച്ചയക്കുന്ന അപേക്ഷകൾ എ.ഇ.ആർ.ഒ എന്ത് ചെയ്യുമെന്നത് അവ്യക്തമാണ്. നിരവധി അപേക്ഷകളിൽ വോട്ടർമാരെ നേരിൽ ബന്ധപ്പെട്ട് ബൂത്ത് തിരിച്ചറിഞ്ഞ് ബി.എൽ.ഒമാർക്ക് അപേക്ഷിക്കുന്നതിന് സമയപരിധിയും ജോലി ഭാരവും തടസ്സമാകും. ഇത്തരത്തിൽ ബന്ധപ്പെടുന്നതിന് ചില അപേക്ഷകളിൽ ഫോൺ നമ്പർ പോലുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."