കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍
തിരുവനന്തപുരം: വീണ്ടും ഒരു ബജറ്റ് കൂടി പ്രഖ്യാപിക്കുമ്പോള്‍ കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷയുടെ കണികയേക്കാള്‍ ഏറെ ആശങ്കയുടെ കരിനിഴല്‍. കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കോടികള്‍ പ്രഖ്യാപിക്കുമ്പോഴും അവ കടലാസില്‍ മാത്രം ഒതുങ്ങുന്നുവെന്ന ആക്ഷേപം ശക്തമാണ്. തകര്‍ന്നടിഞ്ഞ കശുവണ്ടി മേഖലയെ താലോലിക്കാന്‍ വീണ്ടും ബജറ്റില്‍ കോടികളുടെ പ്രഖ്യാപനമാണ് നടത്തിയത്. ഫാക്ടറികളുടെ ആധുനികവല്‍ക്കരണത്തിനും പുനരുജ്ജീവനത്തിനുമായി 56 കോടി രൂപ ബജറ്റില്‍ വകയിരുത്തിയപ്പോഴും, പ്രഖ്യാപനങ്ങള്‍ പ്രയോഗികതലത്തില്‍ എത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായിരുന്ന ഈ മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് കേവലം 16,000 ഓളം പേര്‍ മാത്രമാണ്.
കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി 30 കോടി രൂപ അധികമായി വകയിരുത്തുന്നു എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് പോലെയാണ്. കഴിഞ്ഞ ബജറ്റിലും ഇതേ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും കുറഞ്ഞ തുകമാത്രമാണ് ചെലവാക്കിയതെന്നാണ് വിവരം.
സംസ്ഥാനത്ത് 840ഓളം സ്വകാര്യ ഫാക്ടറികള്‍ സജീവമായിരുന്നിടത്ത് ഇന്ന് സര്‍ക്കാര്‍ മേഖലയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് 80 എണ്ണം മാത്രമാണ്. സര്‍ക്കാരിന്റെ അവഗണനയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വലിയ പ്രതിസന്ധിയാണ്. കടക്കെണി മൂലം അഞ്ചു സ്വകാര്യ ഫാക്ടറി ഉടമകളാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട തുക കൃത്യമായി വിതരണം ചെയ്തിരുന്നെങ്കില്‍ പല ഫാക്ടറികളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."