ഷാർജ ഭരണാധികാരിക്ക് പോർച്ചുഗലിന്റെ പരമോന്നത സാംസ്കാരിക പുരസ്കാരം; 'ഗ്രാൻഡ് കോളർ ഓഫ് കാമോസ്' നേടുന്ന ആദ്യ അറബ് വ്യക്തിയായി ശൈഖ് സുൽത്താൻ
ലിസ്ബൺ/ഷാർജ: യുഎഇയും പോർച്ചുഗലും തമ്മിലുള്ള സാംസ്കാരിക ബന്ധം പുതിയ ഉയരങ്ങളിലേക്ക്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് പോർച്ചുഗലിന്റെ ഏറ്റവും ഉയർന്ന സാംസ്കാരിക ബഹുമതിയായ 'ഗ്രാൻഡ് കോളർ ഓഫ് കാമോസ്' (Grand Collar of Camões) സമ്മാനിച്ചു. ലിസ്ബണിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയാണ് പുരസ്കാരം സമ്മാനിച്ചത്.
ലോകപ്രശസ്ത പോർച്ചുഗീസ് കവി ലൂയിസ് ഡി കാമോസിന്റെ പേരിൽ നൽകുന്ന ഈ പുരസ്കാരം നേടുന്ന ആദ്യ അറബ് വ്യക്തിയും ലോകത്തെ ആറാമത്തെ വ്യക്തിയുമാണ് ഷെയ്ഖ് സുൽത്താൻ. ലോക സംസ്കാരത്തിനും ജനങ്ങൾ തമ്മിലുള്ള സംഭാഷണത്തിനും നൽകിയ അസാധാരണമായ സംഭാവനകളെ മുൻനിർത്തിയാണ് ഈ അംഗീകാരം.
യുഎഇയും പോർച്ചുഗലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷിക വേളയിലാണ് പുരസ്കാരം എന്ന പ്രത്യേകതയുമുണ്ട്. "പരസ്പര ബഹുമാനത്തിലും ബൗദ്ധികമായ അർപ്പണബോധത്തിലും അധിഷ്ഠിതമായ ശൈഖ് സുൽത്താന്റെ വ്യക്തിത്വത്തെ ആദരിക്കാൻ ഇതിലും നല്ലൊരു മാർഗമില്ല" ചടങ്ങിൽ സംസാരിക്കവെ പ്രസിഡന്റ് ഡി സൂസ പറഞ്ഞു.
പുരസ്കാര സ്വീകരണത്തിന് ശേഷം സംസാരിച്ച ശൈഖ് സുൽത്താൻ, പോർച്ചുഗലുമായുള്ള ചരിത്രപരമായ ബന്ധത്തെ അനുസ്മരിച്ചു. സംസ്കാരം ആദരിച്ച ഒരു ഭൂതകാലവും, സഹകരണത്തിന്റെ വർത്തമാനവും, പ്രതീക്ഷ നൽകുന്ന ഭാവിയുമാണ് താൻ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഷാർജ ഹെറിറ്റേജ് ദിനങ്ങളിൽ (Sharjah Heritage Days) പോർച്ചുഗൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി. പോർച്ചുഗീസ് സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചടങ്ങിൽ സംബന്ധിക്കും.
ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, പ്രമുഖ ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
the ruler of sharjah, sheikh dr sultan bin mohammed al qasimi, has been awarded portugal’s highest cultural honour, the grand collar of camoes. he is the first arab personality to receive the prestigious award, recognising his contributions to culture, literature and intellectual exchange.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."