ചക്രങ്ങൾക്കൊപ്പം കടലിനെ തൊട്ടറിഞ്ഞ് അവർ
കോഴിക്കോട്: കടലും കരയും സൂര്യനും അവർക്കൊപ്പം ഒന്നു ചേർന്നു. വീൽചെയറുകൾക്കൊപ്പം കടലിന്റെ ഓളപ്പരപ്പിലേക്ക് അവർ ചെന്നെത്തി. ഭിന്നശേഷിക്കാരായ 40 ഓളം വീൽ ചെയർ ഉപയോക്താക്കളാണ് കടൽത്തീരത്തേക്ക് എത്തിയത്. കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ (കെ.ഡി.എഫ്) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലൈറ്റ് ഹൗസിന് സമീപത്തെ പ്രത്യേകം തയാറാക്കിയ താൽക്കാലിക റാമ്പിലൂടെ ഓരോ വീൽചെയറും മണൽപ്പരപ്പ് പിന്നിട്ട് തിരമാലകൾക്കരികിലേക്ക് നീങ്ങിയത്. 'ബഡീസ്' എന്ന വളണ്ടിയർ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആളുകളെ സുരക്ഷിതരായി തീരത്തേക്ക് എത്തിച്ചത്.
പലർക്കും ഇത് നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കടൽക്കാഴ്ചയായിരുന്നു.
തൃശ്ശൂരിൽ നിന്നുള്ള 'പൂമ്പാറ്റ ചെണ്ടമേളം' സംഘത്തിന്റെ വാദ്യമേളങ്ങളും ഡിസബിലിറ്റി വിദ്യാലയങ്ങളിൽ നിന്നെത്തിയ കുട്ടികളുടെ പാട്ടുകളും കടപ്പുറത്തെ ആവേശത്തിലാഴ്ത്തി. മുൻ കോഴിക്കോട് കലക്ടർ യു.വി ജോസ്, തണൽ ചെയർമാൻ ഡോ. വി ഇദ് രീസ് എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. അതേസമയം താൽക്കാലിക റാമ്പ് പൊളിച്ചുമാറ്റിയാൽ തങ്ങൾക്ക് തീരത്തേക്ക് എത്താൻ സാധിക്കില്ലെന്ന വിഷമവും അവർ പങ്കുവച്ചു. കോഴിക്കോട് ബീച്ചിൽ മാത്രമല്ല, പൊതുയിടങ്ങളിലെല്ലാം ഇത്തരം സ്ഥിരമായ സംവിധാനങ്ങൾ ഉണ്ടെങ്കിൽ തങ്ങൾക്കും മാറ്റിനിർത്തപ്പെടാതെ ലോകം ആസ്വദിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. പൂമ്പാറ്റ ടീം ശിങ്കാരിമേളം അവതരിപ്പിച്ചു. കടലിനെ കണ്ട് സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."