ആത്മീയതയും ആധുനികതയും കൈകോർക്കുന്ന കവാടം; സപ്തഭാഷാ സംഗമഭൂമിയിൽ സമസ്തയുടെ വിളംബരം
കാസർകോട്: മിനാരങ്ങൾക്ക് മകുടം ചാർത്തിയ കാസർകോട് ബിലാൽ മസ്ജിദ്, തച്ചുശാസ്ത്രത്തിന്റെ അളവുകോലിൽ ഉയർയത്തിയ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പടിപ്പുര... കാസർകോടിന്റെ സ്‌നേഹവിശാലതയിലേക്ക് തുറന്നിട്ട കവാടം സാക്ഷി. മതമൈത്രി മനസിലേറിയ സപ്തഭാഷ സംഗമഭൂമിയിൽ ഉയർന്ന വരക്കൽ മുല്ലക്കോയ തങ്ങൾ നഗരി സംവദിക്കുന്നത്, സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന വിസ്മയകരമായ വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറ്റാണ്ട് പൂർത്തീകരണമാണ്. ആത്മീയതയുടെയും അറിവിന്റെയും തൂലികയാൽ കേരളീയ മുസ്‌ലിം ചരിത്രത്തിൽ സുവർണാധ്യായം രചിച്ച സമസ്ത, ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാൻ ഒരുക്കിയ കാസർകോട് കുണിയ ഗ്രാമവും ചരിത്ര പ്രൗഢിയിലാണ്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നും കർണാടക, തമഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുമായി പുലർച്ചെ മുതൽ എത്തിയത് ആയിരങ്ങളാണ്. ഓരോരുത്തർക്കും പ്രത്യേക സ്ലോട്ട് അനുവദിച്ച് നൽകിയതിനാൽ സംഘാടകർക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ നിയന്ത്രിക്കാനുമായി.
ഗഹനമായ ആശയധാരകളിലേക്കാണ് എസ്ക്പോ കൂട്ടിക്കൊണ്ടുപോകുന്നത്. 10 പവലിയനുകളാണ് കൺമുന്നിൽ. ഓരോ പവലിയനും ചിന്തയുടെ അഭൗമ മണ്ഡലത്തിലേക്ക് എത്തിക്കുന്നു. ഓരോന്നിനും വൈവിധ്യ കാഴ്ചപ്പാടുകൾ. ചരിത്ര വിദ്യാർഥികൾ മുതൽ സാധാരണക്കാർക്കു വരെ ഗ്രഹിക്കാവുന്ന തരത്തിൽ മനുഷ്യന്റെ ഉള്ളറയിലേക്ക് കൊളുത്തിവയ്ക്കുന്ന കൽവിളിക്കുകളാണ് ഓരോ പവലിയനുകളിലും തെളിഞ്ഞിരിക്കുന്നത്. പ്രവാചക പാരമ്പര്യത്തിന്റെ വഴിയെ സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന വിജ്ഞാന വിപ്ലവത്തിന് തറക്കില്ലിട്ട സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളെ അടുത്തറിഞ്ഞാണ് പവലിയൻ ആരംഭിക്കുന്നത്. പവലിയൻ ഇന്നലെ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
10ാം നൂറ്റാണ്ടിലെ സ്‌പൈയിനിലെ ഭരണാധികാരി നിർമിച്ച മദീനത്ത് സഹ്‌റ എന്ന നഗരം പുനരാവിഷ്‌കരിക്കുന്ന ഇസ്‌ലാമിക് ഗ്ലോഡൻഏജ് ആണ് വിസ്മയങ്ങളിലൊന്ന്. ആറാം നൂറ്റാണ്ട് മുതൽ 14ാം നൂറ്റാണ്ട് വരെ ഇസ്‌ലാമിന്റെ ഭരണ, സാംസ്‌കാരിക, സാമൂഹിക പശ്ചാത്തലത്തിലേക്കാണ് ഇസ്‌ലാമിക് ഗ്ലോഡൻഏജ് കൂട്ടിക്കൊണ്ടുപോകുന്നത്. കാലിഗ്രഫിയുടെ അത്ഭുതലോകമാണ് മറ്റൊന്ന്, എ.ഐ, വി.ഐ സാങ്കേതികവിദ്യായുടെ ഉള്ളറകളിലേക്ക് തുറന്നിട്ട ജാലകമാണിത്. പഴയ പത്രത്താളുകൾ പരിചയപ്പെടുത്തുന്ന സുപ്രഭാതത്തിന്റെ ചരിത്ര വിശദീകരണം, വി.ഐ സംവിധാനം, സമസ്തയുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ പരചയപ്പെടുത്തുന്ന കാഴ്ചകളുടെ കൂടാരം, ഫുഡ് ഫെസ്റ്റ്, പുസ്തകമേള, കലാ-കായിക, സാംസ്‌കാരിക സദസുകൾ തുടങ്ങി അളവറ്റ വിജ്ഞാനങ്ങളുടെ കടലിരിമ്പമാണ് ഓരോ പവലിയനിൽനിന്നും കേൾക്കാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."