സമസ്ത നൂറാം വാര്‍ഷികം; ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി കുണിയ
കുണിയ (കാസര്‍കോട്): നാടും നഗരവും കുണിയയിലേക്ക്. ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കുണിയ. അഞ്ച് ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന സമ്മേളന ക്യാമ്പിലേക്കെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് കുണിയയില്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയ വിരുന്നൊരുക്കിയ ഗ്ലോബല്‍ എക്‌സ്‌പോ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ രണ്ട് ദിവസം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന എക്‌സ്‌പോയിലേക്ക് ഇന്ന് മുതല്‍ പുരുഷന്മാര്‍ക്കായിരിക്കും പ്രവേശനം.
ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് വരക്കല്‍ മഖാമില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച 100 പതാകകള്‍ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഏറ്റുവാങ്ങും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അറ്റാശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും. വരക്കലില്‍ നിന്നും പതാകകള്‍ തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് കൊണ്ടുവരും. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാലിക് ദീനാര്‍ മഖ്ബറയില്‍ നിന്നും പതാകകള്‍ 3,313 വിഖായ, ഖിദ്മ, ആമില വിഭാഗങ്ങളിലെ വളണ്ടയര്‍മാരുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്കെത്തിക്കും. വൈകുന്നേരം നാലിന് നൂറ് പതകകളും വാനിലേക്കുയരുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന് 11,111 പ്രബോധകര്‍ക്കുള്ള ദാഈ പഠന ക്യാമ്പ് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 4-ന് ജനറല്‍ ക്യാമ്പ് ആരംഭിക്കും. ഇതോടെ ക്യാമ്പ് അംഗങ്ങളുടെ എണ്ണം 33,313 ആയി ഉയരും. ഫെബ്രുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം കുണിയയില്‍ പ്രത്യേകം തയ്യാറാക്കിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ലക്ഷങ്ങള്‍ സംബന്ധിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പ്രമുഖ നേതാക്കളും സമ്മേളനച്ചടങ്ങുകളില്‍ സംബന്ധിക്കും. ഒരേ സമയം 1200 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന വേദിയാണ് സമ്മേളനത്തിനായി പൂര്‍ത്തിയായി വരുന്നു.
സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: നൈസര്‍ഗിക നൈപുണ്യം വിളിച്ചോതി വിദ്യാര്‍ത്ഥി പവലിയന്‍
കുണിയ: സമസ്ത ഗ്ലോബല്‍ എക്‌സ്‌പോയില്‍ വേറിട്ട കാഴ്ചയൊരുക്കി സ്ഥാപനങ്ങളുടെ പവലിയന്‍. അറിവും ശാസ്ത്രവും സാങ്കേതികവിദ്യയും പൈതൃകവും എല്ലാം സമ്മേളിച്ച പ്രദര്‍ശന ശാല സന്ദര്‍ശകരില്‍ ഏറെ കൗതുകവും മതിപ്പുമുളവാക്കുന്നു. സമസ്തക്ക് കീഴില്‍ വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ അടുത്തറിയാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയും ഏവരിലും ദൃശ്യമായിരുന്നു.
സമസ്തയുടെ കീഴിലുള്ള ദര്‍സ്, അറബിക്കോളേജുകളില്‍ നിന്ന് വ്യത്യസ്തത കൊണ്ട് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കാണ് പ്രദര്‍ശനത്തിന് അവസരം ലഭിച്ചത്. പഴയ മക്കാ നാഗരിഗതയുടെ പുന:സൃഷ്ടി മുതല്‍ ഫ്യൂച്ചര്‍ സിറ്റിയുടെ അഡ്വാന്‍സ്ഡ് ടെക്‌നോളജിയടക്കം പഠനാര്‍ഹവും അനുഭവ വേദ്യവുമായ ഒത്തിരി കാഴ്ചകള്‍ കണ്ട് കണ്‍കുളിര്‍ത്താണ് കാഴ്ചക്കാര്‍ നഗരി വിടുന്നത്.
ഇമാം ഷാഫി അക്കാദമി, ജാമിഅ റഹ്മാനിയ കടമേരി, നന്തി ദാറുസ്സലാം, ശംസുല്‍ ഉലമ വെങ്ങപ്പള്ളി, ആലത്തൂര്‍പടി ദര്‍സ്, കൊടങ്ങാട് ദര്‍സ്, ജലാലിയ്യ മുണ്ടക്കുളം, വല്ലപ്പുഴ ജൂനിയര്‍ കോളേജ്, കോട്ടക്കല്‍ ദര്‍സ്, കൊയിലാണ്ടി ദര്‍സ്, ഇമാം ഷാഫി ഷീ ക്യാമ്പസ്, ഗ്രേസ് വാലി വിമന്‍സ് കോളേജ്, ആലംപാടി വിമന്‍സ് കോളേജ് എന്നിവര്‍ക്കാണ് നൂറാം വാര്‍ഷികത്തിന്റെ ചരിത്ര സംഗമത്തിന്റെ പ്രദര്‍ശന സൗഭാഗ്യത്തിന്റെ സുവര്‍ണാവസരം ലഭിച്ചത്. അതിനിടെ കര്‍ണ്ണാടക സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് കമ്മീഷന്‍ ചെയര്‍മാന്‍ ടി.എം ഷാഹിദ് തെക്കില്‍ ഇന്നലെ ഗ്ലോബല്‍ എക്‌സ്‌പോ സന്ദര്‍ശിച്ചു. സമസ്ത ജില്ലാ നിരീക്ഷകന്‍ സയ്യിദ് ശുഹൈബ് തങ്ങള്‍, എസ്.വി മുഹമ്മദലി, സ്വാഗത സംഘം ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഹാജി കുണിയ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
അണിഞ്ഞൊരുങ്ങി കുണിയ
കുണിയ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം കുണിയയിലെത്തിയതില്‍ പ്രദേശവാസികളെ ഏറെ ആഹ്ലാളഭരിതരാക്കിയിരിക്കുകയാണ്. നൂറ്റാണ്ടിന്റെ പൈതൃകവും ആദര്‍ശ വിശുദ്ധിയും വ്യക്തമാക്കുന്ന ഈ മഹാ സമ്മേളനം നടത്തുന്നതിന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും വിവിധ സ്ഥലങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ ഭാരവാഹികളും അംഗങ്ങളും സന്ദര്‍ശിച്ചിരുന്നെങ്കിലും ഒടുവില്‍ കാസര്‍കോട് ജില്ലയിലെ കുണിയയെയാണ് തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സുവര്‍ണ്ണാവസരം ഏറെ ഭംഗിയോടെ നടത്തുന്നതിന് വേണ്ടി മാസങ്ങളോളമായി സമസ്ത നേതാക്കള്‍ക്കൊപ്പം നാട്ടിലെ പ്രായഭേദമന്വേയുള്ള കുണിയ നിവാസികള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന് പുറമെ പരിസര പ്രദേശങ്ങളിലെ ജനങ്ങളും ഇതര മതസ്ഥരും ക്ഷേത്രഭാരവാഹികളും ഇവര്‍ക്കൊപ്പം സജീവമായി രംഗത്തിറങ്ങി. കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയും മഹല്ല് സ്വാഗത സംഘം ഭാരവാഹികളും പ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുയാണ്. ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ കുണിയ മഹല്ല് കമ്മിറ്റിയും യു.എ.ഇ കമ്മിറ്റിയും മറ്റും സമ്മേളനത്തിനെത്തുന്ന ജനങ്ങള്‍ക്ക് സ്വാഗതമോതി കൂറ്റന്‍ കമാനങ്ങളും സ്ഥാപിച്ചു. വൈദ്യുത അലങ്കാര വിളക്കുകളും തോരണങ്ങളും കൊണ്ട് ഏറെ അലങ്കൃതമാക്കി ജനലക്ഷങ്ങളെ കാത്തിരിക്കുകയാണ് കുണിയക്കാര്‍. ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്ന സയ്യിദുമാരെയും പണ്ഡിതരെയും സ്വീകരിച്ച് ആത്മനിര്‍വൃതിയടയാന്‍ വെമ്പല്‍ കൊള്ളുകയാണിവര്‍. 35 വര്‍ഷത്തോളം കുണിയ മഹല്ല് ഖാസിയായിരുന്ന ശഹീദ് സി.എം അബ്ദുല്ല മൗലവിയുടെ സ്മരണകളും സമ്മേളന നഗരിയിലെത്തുന്നവരെ തൊട്ടുണര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."