ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി
ചീമേനി: ഓണത്തിനു മുന്നോടിയായി ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയില്‍ നടത്തുന്ന സ്‌പെഷല്‍ റെയ്ഡിന്റെ ഭാഗമായി ചീമേനി ടൗണിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധനകള്‍ നടത്തി. ജില്ലയില്‍ 17 സ്‌ക്വാഡുകളായാണു പരിശോധനകള്‍ നടന്നു വരുന്നത്.
ചില ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പല വ്യഞ്ജനങ്ങള്‍, മസാലകള്‍, എണ്ണകള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ മതിയായ സ്റ്റോര്‍ റൂം സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ എത്രയും പെട്ടെന്നു സൗകര്യങ്ങളൊരുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. എണ്ണപ്പലഹാരങ്ങള്‍ ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞു നല്‍കുന്നതും കുടിവെള്ളത്തിനായി പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതും വിലക്കി. പഞ്ചായത്തില്‍ നിന്നു ലൈസന്‍സ് വാങ്ങാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളോട് ഓണം കഴിയുന്നതോടെ ലൈസന്‍സെടുക്കാന്‍ ആവശ്യപ്പെട്ടു. ഹോട്ടല്‍ തൊഴിലാളികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വിലനിലവാരപ്പട്ടികകളും പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരേയും താക്കീത് ചെയ്തു.
മുമ്പ് നടന്ന പരിശോധനയില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാത്തവര്‍ക്കും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം ഉണ്ടാക്കിയവര്‍ക്കും പിഴ ഈടാക്കി. സംശയകരമായ വസ്തുക്കള്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു.
പരിശോധനയ്ക്കു സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ മുസ്തഫ, അജിത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."