വിശുദ്ധി നല്‍കേണ്ടത് കര്‍മങ്ങളുടെ പേരില്‍
ലോകം മുഴുവന്‍ പതിറ്റാണ്ടുകളോളം 'മദര്‍ തെരേസ'യെന്നു സ്‌നേഹത്തോടെ വിളിച്ച പാവങ്ങളുടെ അമ്മ, ദിവസങ്ങള്‍ക്കു മുന്‍പ് മാര്‍പാപ്പയുടെ പ്രഖ്യാപനത്തോടെ 'വിശുദ്ധ തെരേസ'യായിരിക്കുകയാണ്. ഇനി മുതല്‍ ലോകം അവരെ സ്മരിക്കുക ആ നാമത്തിലായിരിക്കും.
പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണു വത്തിക്കാനില്‍ സെപ്തംബര്‍ നാലിനു പ്രഖ്യാപനം നടന്നത്. ആ വേളയില്‍ ലോകത്തിന്റെ പല ഭാഗത്തും, പ്രത്യേകിച്ച് ഇന്ത്യയില്‍, അതിലും വിശേഷിച്ചു കൊല്‍ക്കൊത്തയില്‍, ഗംഭീരമായ ആഘോഷമാണു നടന്നത്. പരിഗണിക്കപ്പെടേണ്ട വ്യക്തിയുടെ മരണം സംഭവിച്ച് അഞ്ചുവര്‍ഷത്തിനുശേഷം മാത്രമേ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിക്കൂവെന്ന കീഴ്്‌വഴക്കം ആദ്യമായി മാറ്റിവച്ചുവെന്ന പ്രത്യേകതകൂടിയുണ്ട് മദര്‍തെരേസയുടെ വിശുദ്ധീപ്രഖ്യാപനത്തില്‍ .
മദര്‍ തെരേസയുടെ മരണശേഷം ഉണ്ടായി എന്നു പറയപ്പെടുന്ന ഒരു 'അത്ഭുത'ത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിശുദ്ധപ്രഖ്യാപനം. 1999 ല്‍ കൊല്‍ക്കൊത്തയിലെ മദറിന്റെ ശവക്കല്ലറയിലെത്തി പ്രാര്‍ഥന നടത്തിയ ക്രിസ്ത്യാനിയല്ലാത്ത ഒരു സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ അത്ഭുതകരമായി അപ്രത്യക്ഷമായി എന്നാണു പറയുന്നത്. മദര്‍ തെരേസയുടെ അനുയായികള്‍ ഉന്നയിച്ച ഈ അവകാശവാദം വത്തിക്കാനില്‍നിന്നെത്തിയ പ്രതിനിധി സത്യമാണെന്നു സാക്ഷ്യപ്പെടുത്തുകയായിരുന്നു. അതോടെ വിശുദ്ധയാക്കപ്പെടലിന്റെ നടപടിക്രമങ്ങള്‍ ഒന്നൊന്നായി ആരംഭിച്ചു. കഴിഞ്ഞയാഴ്ചത്തോടെ അതു പരിസമാപ്തിയിലെത്തുകയും ചെയ്തു.
മദര്‍ തെരേസയുടെ ജീവിതവും സേവനപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് അവര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അവരുടെ ജീവിതം വിശുദ്ധിനിറഞ്ഞതാണെന്നു മഹാബഹുഭൂരിപക്ഷവും സമ്മതിക്കും. പക്ഷേ, ആ വിശുദ്ധി അവരുടെ ജീവിതത്തിലെ നിരന്തരമായി നടത്തിയ കര്‍മങ്ങളുടെ നന്മയുടെ പേരിലാകണമെന്നാണു വിശ്വാസഭ്രാന്തു ബാധിച്ചിട്ടില്ലാത്തവരുടെ മോഹം. ജീവിതത്തിലുടനീളം നടത്തിയ മനുഷ്യകാരുണ്യപ്രവൃത്തിയിലൂടെ അവര്‍ ജാതിമതാതീതമായി മനുഷ്യസ്‌നേഹികളുടെ മനസ്സില്‍ എന്നേ വിശുദ്ധിയോടെ സ്ഥാനം പിടിച്ചിരുന്നു.
1910 ല്‍ അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ് സ്വയം തിരഞ്ഞെടുത്തതാണു ദൈവമാര്‍ഗത്തിലൂടെയുള്ള മനുഷ്യകാരുണ്യത്തിന്റേതായ ജീവിതവഴി. പതിനെട്ടാമത്തെ വയസ്സില്‍ അവര്‍ സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീ സഭയിലൂടെ ദൈവമാര്‍ഗത്തിലേയ്ക്കു പ്രവേശിച്ചു. 1929 ല്‍ ഇന്ത്യയിലെത്തി. കല്‍ക്കത്തയിലെ സെന്റ് മേരീസ് ഹൈസ്‌ക്കൂളില്‍ അധ്യാപികയായിരുന്നു ഒന്നരപതിറ്റാണ്ടു കാലം.
അധ്യാപനത്തിന്റേതായ ആ കാലയളവില്‍ അവര്‍ നിത്യക്കാഴ്ചയിലൂടെ ഗൗതമബുദ്ധനെപ്പോലെ ജീവിതത്തിലെ കുറേ തിക്തയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ദിവസത്തില്‍ ഒരു നേരമെങ്കിലും അരവയറെങ്കിലും നിറയ്ക്കനാവാതെ തെരുവില്‍ കഴിയുന്നവര്‍, മാരകമായ രോഗംബാധിച്ചു ഗുരുതരാവസ്ഥയില്‍ വെയിലും മഴയുമേറ്റു നരകിക്കുന്നവര്‍, കളിച്ചുല്ലസിക്കേണ്ട ബാല്യവും പഠിച്ചുവളരേണ്ട കൗമാരവും ഒന്നുമില്ലായ്മയുടെ തെരുവില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ടവര്‍. കല്‍ക്കത്തയിലെ ഈ പതിവുകാഴ്ചകള്‍ ആ സന്യാസിനിയുടെ ജീവിതത്തെ പിടിച്ചുകുലുക്കുകയും ഇരുത്തി ചിന്തിപ്പിക്കുകുയം മാറ്റിമറിയ്ക്കുകയും ചെയ്തു.
സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോയുടെ പതിവു സന്യാസിനീസഭാ രീതി വെടിഞ്ഞു ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തിലേയ്ക്കു തിരിയാനും അതിനു സ്വന്തമായി ഒരു സന്യാസിനീപ്രസ്ഥാനത്തിനു രൂപം കൊടുക്കാനും അവര്‍ തീരുമാനിച്ചു. ഏറെനാളത്തെ ശ്രമത്തിനുശേഷം പോപ്പിന്റെ അനുമതിയോടെ അങ്ങനെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി നിലവില്‍വന്നു. ആ പ്രസ്ഥാനത്തിലൂടെ അവര്‍ സ്വന്തം ജീവിതം അശരണര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. ജാതി,മതാതീതമായി ആയിരക്കണക്കിനു മനുഷ്യജീവിതങ്ങള്‍ക്കാണ് അവരും സഹസന്യാസിനിമാരും അത്താണിയായിത്തീര്‍ന്നത്.
മദര്‍ തെരേസയുടെ നേതൃത്വത്തില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി തെരുവില്‍ നരകിക്കുന്നവര്‍ക്കു ആശ്രയവും അത്താണിയുമൊരുക്കി. തെരുവുകുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു. മദ്യത്തിന് അടിമയായി തനിക്കും കുടുംബത്തിനും സമൂഹത്തിനും ശാപമായവരെ നല്ലജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാന്‍ അഭയകേന്ദ്രങ്ങളും മദ്യപാനശീലത്തില്‍നിന്നു മുക്തിക്കായുള്ള ശുശ്രൂഷാസൗകര്യങ്ങളും ഏര്‍പ്പെടുത്തി. തെരുവില്‍ക്കിടന്നു നരകിച്ചു മരിക്കുമായിരുന്ന, വയോവൃദ്ധര്‍ക്കും മാരകരോഗികള്‍ക്കും സാന്ത്വനപരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചു.
മദര്‍ തെരേസയും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയും നടത്തിവന്ന പ്രവര്‍ത്തനങ്ങളെ ക്രിസ്റ്റഫര്‍ ഹിറ്റ്‌ചെന്‍സിനെയും സൂസന്‍ ഷീല്‍ഡ്‌സിനെയും പോലുള്ളവര്‍ അതിനിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. മരണശയ്യയിലുള്ളവരെപ്പോലും സിസ്റ്റഴ്‌സ് ഓഫ് ചാരിറ്റി മതംമാറ്റിക്കുകയായിരുന്നെന്നും അവരുടെ രോഗീപരിചരണരീതി അശാസ്ത്രീയമാണെന്നും മാധ്യമങ്ങളുടെ സഹായത്താല്‍മാത്രം ജനശ്രദ്ധയിലെത്തിയതാണ് അവരും അവരുടെ പ്രസ്ഥാനവുമെന്നും മറ്റും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും അപ്പോഴും മദര്‍ തെരേസയെയും അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും നെഞ്ചേറ്റുകതന്നെ ചെയ്തു. കാരണം, ജനങ്ങളുടെ മനസ്സില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തിയ നിരവധി മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. അവരുടെ കണ്ണിനു മുന്നില്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ടായിരുന്നു. അതില്‍ ഏറ്റവും വലുത് മദര്‍ തെരേസയുടെ ജീവിതത്തിലെ ലാളിത്യമായിരുന്നു.
നാല്‍പ്പത്തിനാലു വര്‍ഷം മദര്‍ തെരേസ ജീവിച്ച മുറിയുടെ ചിത്രവും വിവരണവും ഈയടുത്ത ദിവസം ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. കേവലം പത്തടി നീളവും അഞ്ചടി വീതിയുമുള്ള കുടുസുമുറിയായിരുന്നു അത്. കഷ്ടിച്ച് ഒരാള്‍ക്കു മാത്രം കിടക്കാവുന്ന ചെറിയൊരു കട്ടിലും ചെറിയ തടിമേശയും ബെഞ്ചും മാത്രമാണ് ആ മുറിയിലുണ്ടായിരുന്നത്. അടുക്കളയുടെ നേരേ മുകളിലുള്ള മുറിയിലായിരുന്നിട്ടും ആ മുറിയില്‍ ശീതീകരണസംവിധാനങ്ങളോ ഫാനോ പോലുമുണ്ടായിരുന്നില്ല.
പാവപ്പെട്ടവരുടെ ആ അമ്മയുടെ ജീവിതം അത്രയേറെ ലളിതമായിരുന്നു. അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും ആര്‍ദ്രതാപൂര്‍ണങ്ങളായിരുന്നു. അതിന്റെ പേരില്‍ ലോകത്തെങ്ങുമുള്ള മഹാഭൂരിപക്ഷം ജനങ്ങളും അവരുടെ വിശുദ്ധജീവിതത്തെ വാഴ്ത്തും. എന്നാല്‍, അതിന് കെട്ടുകഥകളിലെ അത്ഭുതപ്രവൃത്തികളുടെ കൂട്ടുവേണ്ട.
(മരിച്ച മദര്‍ തെരേസയെ മധ്യസ്ഥയാക്കി നടത്തിയ പ്രാര്‍ഥനയിലൂടെ ട്യൂമര്‍ അപ്രത്യക്ഷമായി എന്ന വാദത്തെ ആ രോഗിയെ ചികിത്സിച്ച ഡോക്ടറും രോഗിയുടെ ബന്ധുക്കളുംവരെ ചോദ്യം ചെയ്തിട്ടുണ്ട് എന്നറിയുക.)
യഥാര്‍ഥവിശുദ്ധിക്കു ജീവിതത്തിലെ കര്‍മങ്ങളുമായി ബന്ധപ്പെട്ടവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."