മാണിക്കെതിരായ കേസന്വേഷിച്ചിരുന്ന ഉദ്യാഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്
കൊച്ചി: മുന്‍മന്ത്രി കെ.എം.മാണിക്കെതിരായ കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ചിരുന്ന ഉദ്യാഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. കേസന്വേഷിച്ചിരുന്ന വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍ ശ്രീരാജ് കെ പിള്ളയെയാണ് 2013ല്‍ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്. ഇതിനുപിന്നാലെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ശ്രീരാജിനു പൊലിസ് സംരക്ഷണം നല്കി. ശ്രീരാജ് ഉള്‍പ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ഇപ്പോള്‍ വിജിലന്‍സ് മാണിക്കെതിരേ കേസെടുത്തിട്ടുള്ളത്.
2013ല്‍ നടന്ന ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും ഒരു ക്വട്ടേഷന്‍ സംഘം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ സംഘാംഗങ്ങളിലൊരാളുടെ പോക്കറ്റില്നിന്നും ഒരു ഫോട്ടോ ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തൃശൂരിലെ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗത്തിലെ ഇന്‍സ്പെക്ടറായ ശ്രീരാജ് കെ പിള്ളയുടേതാണ് ഈ ഫോട്ടോയെന്നു തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെ ശ്രീരാജ് കെ പിള്ളയ്ക്ക് അടിയന്തരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ തൃശൂര്‍ പൊലിസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2011ല്‍ കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീരാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."