എം.വി ഗോവിന്ദന് മൊയ്തീൻ നൽകിയ ക്ഷേമപെൻഷൻ സംഭാവന നാടകമെന്ന് ആക്ഷേപം; പണം നൽകിയത് സിപിഎം പ്രവർത്തകർ
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയുടെ വേദിയിൽ വയോധികൻ ക്ഷേമപെൻഷൻ പണം സംഭാവന നൽകിയ സംഭവം നാടകമെന്ന് ആക്ഷേപം. പണം നൽകിയ സംഭവം യഥാർഥത്തിൽ സംഭാവന ചെയ്‌തത് അല്ലെന്നും വ്യാജമായി സൃഷ്ടിച്ചത് ആണെന്നുമാണ് പുറത്തുവരുന്ന വിവരം. എം.വി ഗോവിന്ദന് പണം നൽകാൻ വേണ്ടിയുള്ള പണം സിപിഎം പ്രവർത്തകർ തന്നെ നൽകിയത് ആണെന്നും പണം തിരികെ നൽകുമെന്ന് പറഞ്ഞതുമായുള്ള മൊയ്തീന്റെ വീഡിയോ പുറത്തുവന്നു.
വികസന മുന്നേറ്റ യാത്രയുടെ ബാലുശ്ശേരിയിലെ സ്വീകരണ ചടങ്ങിലാണ് മൊയ്തീനെന്ന വയോധികൻ തന്റെ ഒരു മാസത്തെ പെൻഷൻ പണം പാർട്ടിക്ക് സംഭാവന നൽകിയത്. പെൻഷൻ കിട്ടിയ പണമാണ്, യുഡിഎഫുകാർ വന്നാൽ കിട്ടില്ല, നിങ്ങൾ തന്നെ വരണമെന്ന് പറഞ്ഞായിരുന്നു മൊയ്തീൻ പണം നൽകിയത്. പണം വാങ്ങിയ എം.വി.ഗോവിന്ദൻ, സംഭാവന സ്വീകരിച്ചതായി കരുതിക്കോളൂ എന്ന് പറഞ്ഞ്, പണം മൊയ്തീനിന് തന്നെ തിരികെ പോക്കറ്റിൽ ഇട്ട് നൽകുകയായിരുന്നു.
ഇതിന് പിന്നാലെ പുറത്തുവന്ന വിഡിയോയിലാണ് നേതാക്കളുടെ നിർദേശപ്രകാരമാണ് പണം നൽകിയത് എന്ന് മൊയ്തീൻ പറയുന്നത്. മെഹബൂബും മറ്റുള്ളവരും വന്നാണ് പണം നൽകിയത്. കൊടുക്കുന്ന പണം നിങ്ങൾക്ക് തന്നെ തിരിച്ചുതരുമെന്ന് അവർ പറഞ്ഞതായും അദ്ദേഹം പറയുന്നതായി വിഡിയോയിൽ കാണാം. സംഭവം പുറത്തുവന്നതോടെ സിപിഎം വെട്ടിലായ അവസ്ഥയാണ്. സമൂഹ മാധ്യമത്തിൽ ഉൾപ്പെടെ കടുത്ത പരിഹാസമാണ് നേരിടുന്നത്.
വീട്ടുകാരുമായി ബന്ധമില്ലാതെ ബസ് സ്റ്റാന്റിലും മറ്റു കഴിയുന്നയാളാണ് ബാലുശ്ശേരി സ്വദേശിയായ മൊയ്തീൻ. ഇന്ന് രാവിലെ മുതൽ ഇദ്ദേഹത്തെ പ്രദേശത്ത് കാണാനില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."