ചാലിയാര്‍ പുഴയില്‍ നാലുദിവസത്തിനുള്ളില്‍ മുങ്ങി മരിച്ചത് മൂന്നുപേര്‍
നിലമ്പൂര്‍: അടുത്തിടെ ചാലിയാറില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു. ശാന്തമായൊഴുകിയിട്ടും കലിയടങ്ങാതെ ചാലിയാര്‍ പുഴ മാറിയിരിക്കുകയാണ്. ഓരോ വര്‍ഷവും ചാലിയാറിലെ വെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്നത് നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളുമാണ്. ചാലിയാറിന്റെ മൊടവണ്ണക്കടവില്‍ ഇന്നലെ ആദിവാസി യുവാവ് മുങ്ങിമരിച്ചത് കഴിഞ്ഞ വ്യാഴാഴ്ച ചാലിയാര്‍ പുഴയുടെ തന്നെ പാറക്കടവ് കടവില്‍ നിലമ്പൂര്‍ മുതുകാട് കോളനിയിലെ രണ്ടുപേര്‍ മുങ്ങിമരിച്ചതിന്റെ നടുക്കം മാറുംമുന്‍പാണ്. ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങാക്കോട് കോളനിയിലെ ആദിവാസി യുവാവായ അമ്പലക്കുന്നില്‍ പ്രശാന്ത് ആണ് മുങ്ങി മരിച്ചത്. മണല്‍ തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരുമായ ഇവരുടെ മരണങ്ങള്‍ ഇനിയുമുള്‍ക്കൊള്ളാനാവാതെ തരിച്ചു നില്‍ക്കുകയാണ് നാട്. വ്യാഴാഴ്ചയാണ് മുതുകാട് കോളനിയിലെ സുകുമാരനും ശങ്കരനും കുളിക്കുന്നതിനിടയില്‍ ഒന്നിച്ച് ഒഴുക്കില്‍ പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയാണ് കണ്ടെടുത്തത്. സുകുമാരന്റെ മൃതദേഹം കണ്ടെടുത്ത മൊടവണ്ണക്കടവിലാണ് ഇന്നലെ പ്രശാന്ത് മുങ്ങിമരിച്ചത്.
കഴിഞ്ഞ മാസം രണ്ടിന് കരുളായി പുള്ളിയില്‍ മാഞ്ചീരിയില്‍ മുബഷിറിന്റെ മകന്‍ മുഹമ്മദ് ആഷിറും 21ന് അധ്യാപികയായ നിലമ്പൂര്‍ കോവിലകത്തുമുറി നന്ദനത്തില്‍ ശിവറാമിന്റെ ഭാര്യ വൃന്ദയും ചാലിയാറില്‍ മുങ്ങി മരിച്ചിരുന്നു. തൊട്ടടുത്ത എടവണ്ണയില്‍ നാടുകാണിയില്‍ നിന്നും വിരുന്നുവന്ന രണ്ട് വിദ്യാര്‍ഥികളുടെ ജീവനും ചാലിയാറില്‍ പൊലിഞ്ഞിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഒന്നും ചെയ്യാനാകാതെ അധികൃതര്‍ കൈമലര്‍ത്തുകയാണ്. നിയന്ത്രണമില്ലാത്ത മണല്‍വാരല്‍ മൂലം പുഴയിലുണ്ടാകുന്ന കുഴികളാണ് പലപ്പോഴും അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അനധികൃത മണല്‍വാരല്‍ മൂലം സ്ഥിരം തൊഴിലാളികള്‍ക്ക് പോലും പുഴയിലെ അപകടം അറിയാനാവാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."