ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് കോഴിക്കൂടുകളെ പോലും നാണിപ്പിക്കുന്ന ടെന്റുകളില്‍
തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ചൂഷണത്തിന് ഏറെ ഇരയാകുന്നത്
ഒറ്റപ്പാലം: അധികാരികളുടെ മൂക്കിന് താഴെ കോഴിക്കൂടുകളെ പോലും നാണിപ്പിക്കുന്ന ടെന്റുകളില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ടെന്റുകള്‍ പൊളിച്ചു നീക്കാന്‍ നടപടിയായില്ല. തൊഴില്‍ ചൂഷണത്തിന് ഇരയായി പുഴയോരത്തെ ടെന്റുകളില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിക്കിടയിലാണ് പകര്‍ച്ച വ്യാധികളും പകരുന്നുണ്ട്.
ഒറ്റപ്പാലത്ത് മായന്നൂര്‍ പാലത്തിന് സമീപം റെയില്‍വേ പാളത്തിനരികിലായി നിരവധി ഷെഡ്ഡുകളുണ്ട്. വര്‍ഷങ്ങളായി പുഴയോരത്തെ പുറംപോക്ക് ഭൂമികളിലും റെയില്‍വേ സ്‌റ്റേഷനു സമീപത്ത് പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന സ്ഥലത്തുമെല്ലാം കുടില്‍ കെട്ടി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്നുണ്ട്.
മഴ കൊള്ളാതിരിക്കാന്‍ ടാര്‍പായ കൊണ്ട് മേല്‍ക്കൂര, കിടക്കാന്‍ നാലു മരകഷണം മണ്ണില്‍ കുഴിച്ചിട്ട് മേലെ പാഴ്മരങ്ങള്‍ വിരിച്ച് നിര്‍മിച്ച കട്ടില്‍, കുനിഞ്ഞ് മാത്രമേ കയറാനും ഇറങ്ങാനും പറ്റൂ, അകത്ത് നില്‍ക്കണമെങ്കില്‍ മുട്ട് കുത്തണം.
മേസ്തിരിമാര്‍ പ്രതിമാസം അഞ്ഞൂറ് രൂപ വാടക വാങ്ങുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ പാര്‍പ്പിടമാണിത്. പുറമ്പോക്കിലും റെയില്‍വേഭൂമിയിലുമായി ഇത്തരത്തില്‍ നിര്‍മിച്ച നൂറുകണക്കിന് ടെന്റുകളുണ്ട്. കുടിവെള്ളം എന്നത് മിക്കവാറും സമീപത്തെ പുഴയിലെ വെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും സമീപത്ത് തന്നെ.
കൊച്ചുകുട്ടികളും സ്ത്രീകളും അടക്കം ഇത്തരം കുടിലുകളില്‍ ജീവിതം തള്ളി നീക്കുന്നവര്‍ നിരവധിയാണ്. കൊതുകുകളും മറ്റും കടിക്കുന്നത് ഇവര്‍ക്ക് വിഷയമേ അല്ല. ഇത്തരം ടെന്റുകളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലമ്പനി വന്നതായി നേരത്തെ ഒറ്റപ്പാലത്ത് ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചിരുന്നു.
ഈ കുടിലുകള്‍ പുറമ്പോക്കിലും മറ്റും നിര്‍മിച്ച് വാടകക്ക് കൊടുക്കുന്ന ഒരു സംഘം തന്നെയുണ്ട്. വന്‍ തൊഴില്‍ ചൂഷണത്തിന് ഇരയായാണ് ഇവരില്‍ പലരും ഇത്തരം കുടിലുകളില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മനുഷ്യകടത്തും, അടിമപണിക്ക് തുല്യമായ തൊഴില്‍ ചൂഷണവും. കേരളത്തിലെ ഉയര്‍ന്ന കൂലിയും ജീവിതസാഹചര്യവും ചൂണ്ടിക്കാട്ടിയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബ സഹിതം കേരളത്തിലേക്ക് തൊഴിലാളികളെ കടത്തുന്നത്. കേരളത്തിലേക്ക് തൊഴിലാളികളെ കടത്തുന്നത്. കേരളത്തിലെത്തിയാല്‍ അടിമപ്പണിക്ക് തുല്യമായ തൊഴില്‍ ചൂഷണമാണ് ഇവര്‍ നേരിടുന്നത്.
ഉത്തരേന്ത്യയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് കേരളത്തില്‍ ഏറെയുള്ള അവിദഗ്ധ തൊഴിലാളികള്‍. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഏറെ ചൂഷണത്തിന് ഇരയാകുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ വലവീശി പിടിക്കുന്നതില്‍ കേരളത്തില്‍ തന്നെ ചിലരാണ് ചുക്കാന്‍ പിടിക്കുന്നത്. ഇവരെ കേരളത്തിലെത്തിച്ച് കുടുസ്സു മുറികളിലും, റെയില്‍വേ സ്റ്റേഷനരികിലും, പുഴയരികിലും ടെന്റ് കെട്ടി താമസിപ്പിക്കുകയാണ് ചെയ്യുന്നത്. നിര്‍മാണ പ്രവ്യത്തികളും, ക്വാറി പ്രവര്‍ത്തനം, പുഴയില്‍ നിന്ന് മണലെടുപ്പ്, ചാലുകീറല്‍ തുടങ്ങിയ ജോലികള്‍ക്കാണ് ഇവര്‍ നിയോഗിക്കപ്പെടുന്നത്.
അവിദഗ്ധ തൊഴിലാളികളെ നിര്‍മാണ മേഖലയില്‍ ഹെല്‍പ്പര്‍മാരായാണ് ഉപയോഗിക്കുന്നത്. ഓരോ ഇടനിലക്കാരന്റെ കീഴിലും നൂറുകണക്കിന് തൊഴിലാളികള്‍ ഉണ്ടാകും. ഇത്തരക്കാരെയെല്ലാം ഇത്തരം ഷെഡ്ഡുകളിലാണ് താമസിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."