" ഞങ്ങൾ എല്ലാവരോടും ക്ഷമിക്കണം, പോകാനുള്ള സമയമായി..."; ഹരീഷ് റാണയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ്
ന്യൂഡൽഹി: "എല്ലാവരോടും ക്ഷമിക്കണം, പോകാനുള്ള സമയമായി..." നീണ്ട 13 വർഷത്തെ തീർത്തും നിശബ്ദമായ പോരാട്ടത്തിനൊടുവിൽ ഹരീഷ് റാണ (44) മരണത്തിലേക്ക് മടങ്ങുന്നു. ഇന്ത്യയിൽ നിഷ്‌ക്രിയ ദയാവധത്തിന് സുപ്രിം കോടതി അനുമതി നൽകുന്ന ആദ്യ വ്യക്തിയായി മാറിയ ഹരീഷ് റാണയ്ക്ക് വികാരനിർഭരമായ യാത്രയയപ്പാണ് ഉറ്റവരും സുഹൃത്തുക്കളും നൽകിയത്. ജീവൻ രക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികൾക്കായി ഗാസിയാബാദിലെ വീട്ടിൽ നിന്നും ഹരീഷിനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചാബ് സർവകലാശാലയിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു ഹരീഷ് റാണ. 2013-ലാണ് ഹരീഷിന്റെ ജീവിതം മാറി മറിയുന്നത്. സർവകലാശാല കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരുക്കേറ്റതോടെ ഹരീഷ് അന്നുമുതൽ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ട്രാക്കിയോസ്റ്റമി ട്യൂബിലൂടെയുള്ള ശ്വാസവും ഗ്യാസ്‌ട്രോജെജുനോസ്റ്റമി ട്യൂബിലൂടെയുള്ള ഭക്ഷണവും മാത്രമായിരുന്നു ഹരീഷിന്റെ പിന്നീടുള്ള ലോകം.
ഹരീഷിനെ എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി ഗാസിയാബാദിലെ വീട്ടിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ കരയാതെ പിടിച്ചു നിൽക്കാൻ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. അല്ലെങ്കിലും എങ്ങെനെയാണ് സ്വന്തം മകനെ ദയാവധത്തിന് വിട്ടുകൊടുക്കുമ്പോൾ അമ്മയ്ക്കും അച്ഛനും കരയാതെ നിൽക്കാനാവുക?
ഹരീഷിന്റെ നെറ്റിയിൽ തിലകം ചാർത്തിക്കൊണ്ട് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റർ യാത്രയാക്കാൻ മുന്നിട്ട് നിന്നു. മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല ഇവിടെ ചോദ്യം, മറിച്ച് അർത്ഥശൂന്യമായ ചികിത്സാ രീതികൾ തുടരുന്നത് ആ രോഗിയുടെ നന്മയ്ക്കാണോ എന്നതാണ് എന്ന് സുപ്രിം കോടതി ചോദിച്ചു.
കഴിഞ്ഞ 13 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സാധാരണ ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെയാണ് സ്വാഭാവിക മരണം വരിക്കാൻ സുപ്രിം കോടതി അനുവാദം നൽകിയത്. ഹരീഷിന്റെ വൃദ്ധരായ മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
യന്ത്രസഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി മുഖവിലയ്‌ക്കെടുത്താണ് തീരുമാനം. ഹരീഷ് റാണയുടെ വെന്റിലേറ്റർ സഹായം ഘട്ടംഘട്ടമായി പിൻവലിക്കാമെന്നും ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഇന്ത്യയിൽ നിഷ്‌ക്രിയ ദയാവധത്തിന് അഥവാ ചികിത്സ പിൻവലിച്ചുകൊണ്ടുള്ള മരണം അനുവദനീയമാണെങ്കിലും, പ്രായോഗിക തലത്തിൽ ഇത്തരമൊരു ഉത്തരവ് വരുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
മകന്റെ ദുരിതം അവസാനിപ്പിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം മാനുഷിക പരിഗണനയോടെയാണ് സുപ്രിം കോടതി കണ്ടത്. ഒരു വ്യക്തിക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ ഭാഗമാണെന്ന വിധികളാണ് ഇവിടെ പ്രകടമായത്.
ഇന്ത്യയിൽ നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷം ഈ അനുമതി ലഭിക്കുന്ന ആദ്യ കേസായി ഹരീഷ് റാണയുടേത് മാറി. മകന്റെ ദുരിതമൊഴിയാൻ ഹൃദയം നൊന്ത് മാതാപിതാക്കൾ എടുത്ത ആ തീരുമാനം ഇന്ന് നിയമചരിത്രത്തിലെയും മാനവികതയുടെയും വലിയൊരു ഏടായി മാറുകയാണ്.
Harish rana (44), a former student of punjab university, was granted india's first authorized passive euthanasia after spending 13 years in a permanent vegetative state. following a 2013 accident where he fell from a building's fourth floor, harish remained on life support with no hope of recovery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."