യു.പിയില്‍ ബി.ജെ.പിയെ നയിക്കാന്‍ ആളില്ല; പ്രചാരണത്തിന് നരേന്ദ്ര മോദി നേതൃത്വം നല്‍കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കിട്ടാനില്ലാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനു നേതൃത്വം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ കേന്ദ്രീകരിച്ചാവും നരേന്ദ്രമോദി പ്രചാരണം നടത്തുക.
പ്രചാരണത്തിന്റെ ഭാഗമായി മോദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ റാലികളിലും പങ്കെടുക്കും. ഓരോ മാസവും ഒന്നില്‍ക്കൂടുതല്‍ റാലികളെയെങ്കിലും മോദി അഭിസംബോധന ചെയ്യും. മോദിയെക്കൂടാതെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും യു.പി സ്വദേശിയും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ്ങും മോദിയോടൊപ്പം പ്രചാരണത്തില്‍ മുന്നിലുണ്ടാവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത്ഷാ ആയിരുന്നു യു.പിയിലെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രി മഹേഷ് ശര്‍മ, പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷന്‍ കേശവ്‌ദേവ് പ്രസാദ്, യോഗി ആദിത്യനാഥ് എം.പി എന്നിവരാവും ഇവരെ കൂടാതെ പ്രചാരണത്തിനു മുന്നിലുണ്ടാവുക. പ്രകോപനപരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് യോഗി ആദിത്യനാഥ്. ഒരേസമയം വികസനത്തിലൂന്നി പ്രചാരണം നടത്തുമ്പോള്‍ ഒപ്പം, വര്‍ഗീയദ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രചാരണവും ഉണ്ടാവും.
നരേന്ദ്രമോദിയെ ഉയര്‍ത്തിപ്പിടിച്ചു നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനായെങ്കിലും പിന്നീടു ബിഹാര്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. ബിഹാറിലെ പരാജയത്തിനു കാരണങ്ങളിലൊന്ന് സംസ്ഥാനത്തു നിന്നുള്ള നേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം മോദിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണം ആയിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു ബി.ജെ.പി നേതൃത്വം. ഇതിനായി ബി.ജെ.പിയും ആര്‍.എസ്.എസ്സും പ്രത്യേകം സര്‍വേയും നടത്തുകയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുയായികള്‍ക്കിടയിലും ഏറ്റവും സ്വാധീനമുള്ളയാളെ കണ്ടെത്തുന്നതിനു വേണ്ടിയാണ് സര്‍വേ നടത്തിയതെങ്കിലും അതു വിജയിക്കാത്തതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്‌നാഥ് സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആര്‍.എസ്.എസ്സിന് ആഗ്രഹമെങ്കിലും വിജയപ്രതീക്ഷ കുറവായതിനാല്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
ചില സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചതു പോലെ, യു.പിയില്‍ നരേന്ദ്രമോദി ആയിരിക്കില്ല പാര്‍ട്ടിയെ നയിക്കുകയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി തന്നെ ആയിരിക്കുമെന്നും നേരത്തെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ എത്രയും വേഗം പ്രഖ്യാപിക്കണമെന്നു സംസ്ഥാന ഘടകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെ.പിക്കായി തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ യു.പിയില്‍ കോണ്‍ഗ്രസിനൊപ്പമാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രാഹുല്‍ഗാന്ധി നടത്തുന്ന കിസാന്‍ റാലികള്‍ക്കു പകരമായി സംസ്ഥാനത്തു ഒരേസമയം നാലു റാലികള്‍ നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. മൂന്നുമാസമെങ്കിലും നീണ്ടുനില്‍ക്കുന്നവയാവും ഈ യാത്രകളെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രചാരണസൗകര്യത്തിനായി യു.പിയെ ആറുഭാഗങ്ങളായി തിരിച്ചാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം.
ബി.എസ്.പി, എസ്.പി, കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവര്‍ തമ്മില്‍ ചതുഷ്‌കോണ മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി മാത്രമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ പ്രചാരണം നടത്തുന്നത്. മറ്റു മൂന്നു കക്ഷികളും വളരെ മുന്നേ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. മുന്‍ മുഖ്യമന്ത്രി മായാവതി ബി.എസ്.പിയുടെയും നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് എസ്.പിയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."