ബഹ്‌റൈന് സുരക്ഷാ കവചമൊരുക്കാൻ ബ്രിട്ടൻ; ഡ്രോൺ പ്രതിരോധത്തിന് സാങ്കേതിക വിദഗ്ധരെ അയക്കും
ലണ്ടൻ/മനാമ: ഗൾഫ് മേഖലയിൽ സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ. വർദ്ധിച്ചുവരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാങ്കേതിക വിദഗ്ധരുടെ ഒരു പ്രത്യേക സംഘത്തെ ബഹ്‌റൈനിലേക്ക് അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വ്യക്തമാക്കി. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ നിർണായക ചർച്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.
അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും, ആകാശക്രമണങ്ങളെ മുൻകൂട്ടി കണ്ടെത്തി നിർവീര്യമാക്കുന്നതിനും ബഹ്‌റൈൻ സുരക്ഷാ സേനയെ സഹായിക്കുക എന്നതാണ് ബ്രിട്ടീഷ് സാങ്കേതിക സംഘത്തിന്റെ പ്രധാന ദൗത്യം.
ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലാകെ ഉണ്ടായിട്ടുള്ള സുരക്ഷാ ആശങ്കകൾ ഇരു നേതാക്കളും വിശദമായി വിലയിരുത്തി. സിവിലിയൻ മേഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇരുവരും ശക്തമായി അപലപിച്ചു.
ബഹ്‌റൈന്റെയും അയൽ രാജ്യങ്ങളായ സഊദിയുടെയും സുരക്ഷയ്ക്കും ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്കും ബ്രിട്ടന്റെ പൂർണ്ണ പിന്തുണ കിയർ സ്റ്റാർമർ വാഗ്ദാനം ചെയ്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട നയതന്ത്ര-പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാനും ഈ ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ബഹ്‌റൈൻ പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഭരണകൂടം സ്വീകരിക്കുന്ന അടിയന്തര നടപടികളുടെ ഭാഗമായാണ് ഈ നയതന്ത്ര ചർച്ചയെയും പ്രതിരോധ സഹകരണത്തെയും വിലയിരുത്തുന്നത്. ഡ്രോൺ ഭീഷണികൾ നേരിടാൻ ബ്രിട്ടന്റെ സാങ്കേതിക സഹായം ലഭിക്കുന്നത് ബഹ്‌റൈന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.
English summary : The UK will send a specialized team of technical experts to Bahrain to bolster its defenses against increasing drone and missile threats.
UK Prime Minister Keir Starmer confirmed this support during discussions with Bahrain's Crown Prince and Prime Minister, Prince Salman bin Hamad Al Khalifa.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."