കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു
മലപ്പുറം: കൊടുവള്ളി മുന്‍ ഇടത് സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗിലേക്ക്. പാണക്കാട് എത്തി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ഫിറോസിനൊപ്പമാണ് കാരാട്ട് റസാഖ് പാണക്കാട്ടെത്തിയത്. ഇടതുസഹയാത്രികനായ റസാഖ് മദ്രസ ബോര്‍ഡ് ചെയര്‍മാനായിരുന്നു.
സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2016ലാണ് കാരാട്ട് റസാഖ് മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ലീഗ് വിട്ട കാരാട്ട് റസാഖ് കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖിനെ 571 വോട്ടിന് പരാജയപ്പെടുത്തി. പി.ടി.എ റഹീം കുന്ദമംഗലത്തേക്ക് മാറിയതോടെ എല്‍.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം മുന്നണി വീണ്ടും പിടിച്ചെടുത്തു. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ വീണ്ടും ഇടതു സ്വതന്ത്രനായി മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീറിനോട് 6500ല്‍ അധികം വോട്ടിന് തോറ്റു. ഇതോടെയാണ് റസാഖ് സി.പി.എമ്മുമായി ഇടഞ്ഞത്.
കൊടുവള്ളിയില്‍ തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നും എല്‍.ഡി.എഫിന് താന്‍ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കില്‍ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിരുന്നതായും ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മന്ത്രിയെന്ന നിലയില്‍ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുകമാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. റസാഖിന്റെ തിരിച്ചുപോക്ക് മണ്ഡലത്തില്‍ ഇടതു പക്ഷത്തിന് വന്‍തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടുന്നത്.
karat razak rejoins the indian union muslim league and formally accepts membership at panakkad, marking an important moment in kerala politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."