ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ ഇടിമിന്നലിലും പ്രളയത്തിലും രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഉമ്മ റംലയെ പ്രളയത്തിൽ കാണാതായിട്ടുണ്ട്. ഇവർക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ഇന്നലെ ബർക്ക ഗവർണറേറ്റിലാണ് മലയാളികൾ അപകടത്തിൽപ്പെട്ടത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പത്ത് പേരിൽ നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. കാണാതായ മൂന്ന് പേരിൽ ഷംലയുടെയും യൂസഫിന്റെയും മൃതദേഹങ്ങൾ ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത്.
ഇന്നലെ ഒമാനിൽ വീശിയടിച്ച ഇടിമിന്നലിലും മഴയിലും രാജ്യത്ത് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകളിൽ കുടുങ്ങിയ 34 പേരെ 18 വ്യത്യസ്ത രക്ഷാപ്രവർത്തനങ്ങളിലൂടെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വാദികളിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് 15 വിവരങ്ങളാണ് അധികൃതർക്ക് ലഭിച്ചത്.
വരും മണിക്കൂറുകളിലും ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്ത്, വടക്കൻ-തെക്കൻ അൽ ബാതിന തുടങ്ങിയ മേഖലകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമായതിനെ തുടർന്ന് അമറാത്ത്–ബൗഷർ റോഡ് അധികൃതർ താൽക്കാലികമായി അടച്ചു. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിനിൽക്കണമെന്നും റോയൽ ഒമാൻ പൊലിസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary:
A severe thunderstorm and resulting flash floods in Oman have claimed four lives, including two individuals from Kerala (Shamla and Yusuf). Another family member, Ramla, remains missing, and search operations by the Civil Defence and Ambulance Authority are actively underway.
The tragic incident occurred in the Barka governorate when a vehicle carrying the family on an Eid trip was swept away in a wadi. Seven other passengers in the vehicle, including four children, were miraculously rescued.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."