വടക്കാഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരം വൈകിട്ട് നാല് മുതല്‍ എട്ട് വരെ മരലോറികള്‍ നിരോധിച്ചു
വടക്കാഞ്ചേരി: നഗരത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ട്രാഫിക് ക്രമീകരണ യോഗം കൈകൊണ്ട പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. ഇന്നലെ രാവിലെ മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ തുടങ്ങിയത്. എന്നാല്‍ പുതിയ പരിഷ്‌കാരം കുരുക്കിന് ഒരു അയവും വരുത്തില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.
മാത്രമല്ല ഓണ തിരക്കില്‍ വയോധികരടക്കമുള്ളവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാകുമെന്ന പരാതിയും ശക്തമാണ്. ഷൊര്‍ണൂര്‍ ചേലക്കര വാഴാനി പുന്നംപറമ്പ് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഓട്ടുപാറ സ്റ്റാന്റില്‍ കയറാതെ സംസ്ഥാന പാതയോരത്ത് ഇടത് വശത്ത് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും, കയറ്റുകയും ചെയ്യണമെന്ന നിര്‍ദേശമാണ് ജനങ്ങളെ വലക്കുക.
ബസിറങ്ങുന്ന യാത്രക്കാര്‍ മറ്റ് റൂട്ടുകളിലെ ബസുകള്‍ക്കായി കൂട്ടത്തോടെ സംസ്ഥാനപാത മുറിഞ്ഞ് കടന്ന് ബസ്സ്റ്റാന്റിലേക്ക് പോകേണ്ടി വരുന്നതാണ് പ്രതിസന്ധി. ഇത് മൂലം അപകട സാധ്യത വര്‍ധിക്കുകയും, സംസ്ഥാന പാതയില്‍ കുരുക്ക് രൂക്ഷമാക്കുകയും ചെയ്യുകയാണ്. പാതയോരത്ത് റോഡ് വല്ലാതെ വീതി കുറവുള്ള ഓട്ടുപാറ മുതല്‍ മാരാത്ത്കുന്ന് പള്ളി പടി വരെയുള്ള പ്രദേശത്ത് പാതയുടെ വലത് വശത്ത് പാര്‍ക്കിങ് നിരോധിച്ചതാണ് മറ്റൊരു പരിഷ്‌കാരം. ഇത് ഈ മേഖലയിലെ വ്യാപാരികളുടെ ശക്തമായ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി ബസ് സ്റ്റാന്റിനുള്ളില്‍ നിന്ന് ഇറങ്ങി വരുന്ന ബസുകള്‍ തൊട്ട് സമീപമുള്ള ഗോള്‍ഡന്‍ ബേക്കറിക്ക് മുന്നിലുള്ള സ്‌റ്റോപ്പില്‍ നിര്‍ത്തരുതെന്നും, നിര്‍ദ്ദിഷ്ട സ്റ്റോപ്പുകളില്‍ മാത്രമെ നിര്‍ത്താവൂ എന്ന നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.
നഗരത്തില്‍ അനധികൃത പാര്‍ക്കിങ് പാടില്ലെന്ന കര്‍ശന നടപടിയും ജനങ്ങള്‍ സ്വാഗതം ചെയ്യുന്നു. മരം കയറ്റി വരുന്ന ലോറികള്‍ വൈകീട്ട് നാല് മണി മുതല്‍ എട്ട് മണി വരെ ടൗണില്‍ പ്രവേശിക്കരുതെന്ന വിലക്ക് വലിയ ചര്‍ച്ചക്ക് വഴിവെക്കും. വിദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ക്ക് ഈ പരിഷ്‌കാരം തിരിച്ചടിയാകും. ഓട്ടുപാറ മുതല്‍ വടക്കാഞ്ചേരി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ഈ പരിഷ്‌കാരമെന്നതാണ് പ്രതിസന്ധി.
പരിഷ്‌കാരത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ഇപ്പോഴത്തെ ധാരണ. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ലൈല നസീര്‍, ജയപ്രീത മോഹന്‍, തഹസില്‍ദാര്‍, ജോയിന്റ് ആര്‍.ടി.ഒ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."