പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; മോഷണം ആരോപിച്ചുള്ള മർദ്ദനത്തിൽ 6 പേർ കസ്റ്റഡിയിൽ
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. മുടിക്കലിലെ 'എ എം വിനീർ' എന്ന പ്ലൈവുഡ് കമ്പനിയിലാണ് നാടിനെ നടുക്കിയ ക്രൂരമായ ആൾക്കൂട്ടക്കൊല നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം.
മൊബൈൽ മോഷണം ആരോപിച്ച് ക്രൂരമർദ്ദനം
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ആറംഗ സംഘം യുവാവിനെ പിടികൂടിയത്. തുടർന്ന് പ്ലൈവുഡ് കമ്പനിയിലെ 'കോർ' (തടി കഷണങ്ങൾ) ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് നൽകുന്ന സൂചന.
മർദ്ദനത്തിന്റെ തീവ്രത:
മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റു.മർദ്ദനത്തിനിടെ യുവാവിന്റെ പല്ലുകൾ പലതും ഒടിഞ്ഞുപോയിട്ടുണ്ട് അടിയേറ്റു ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം.
പ്രതികൾ പൊലിസ് വലയിൽ
കൊലപാതകത്തിന് ശേഷം കമ്പനിയിൽ തന്നെ ഒളിക്കാൻ ശ്രമിച്ച പ്രതികളെ പെരുമ്പാവൂർ പൊലിസ് അതിവേഗം കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പൊലിസ് പിടിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."