അവിഹിത ബന്ധം ആരോപിച്ച് യുവതിക്ക് നേരെ ആൾക്കൂട്ടാക്രമണം; തെരുവിലൂടെ വലിച്ചിഴച്ചു, നിർബന്ധിച്ച് സിന്ദൂരം ചാർത്താൻ ശ്രമം
പട്ന: വിവാഹേതര ബന്ധം ആരോപിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ഒരു സംഘം ഗ്രാമവാസികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ബീഹാറിലെ നളന്ദ ജില്ലയിലുള്ള അജയ്പൂർ ഗ്രാമത്തിൽ മാർച്ച് 26-നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. യുവതിയെ പുരുഷന്മാർ ചേർന്ന് വലിച്ചിഴയ്ക്കുന്നതിന്റെയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മൊബൈൽ റീചാർജ് ചെയ്യാൻ പോയപ്പോൾ ആക്രമണം
മൊബൈൽ ഫോൺ റീചാർജ് ചെയ്യാനായി കടയിൽ പോയതായിരുന്നു യുവതിയെന്ന് പൊലിസ് പറഞ്ഞു. അവിടെയുണ്ടായിരുന്ന ഒരു സർവീസ് ടെക്നീഷ്യനുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ സംഘം ചേർന്നത്. കടയുടെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ ശേഷം തടിച്ചുകൂടിയ ജനക്കൂട്ടം തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയുടെ വാക്കുകൾ:
"കടയുടെ ജനാല വഴി പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ പിടികൂടി. കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. എന്റെ നെറ്റിയിൽ നിർബന്ധിച്ച് സിന്ദൂരം ചാർത്താനും മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുമായിരുന്നു അവരുടെ നീക്കം. കരഞ്ഞുപറഞ്ഞിട്ടും അവർ കേട്ടില്ല."
വീഡിയോ വൈറലായി; പ്രതികൾ പിടിയിൽ
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലിസ് ഉണർന്നുപ്രവർത്തിച്ചത്. ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് സഞ്ജയ് ജയ്‌സ്വാളിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് അശോക് യാദവ്, മാറ്റ്‌ലു മഹ്‌തോ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. വീഡിയോയിൽ കാണുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
യുവതിയുടെ ഭർത്താവ് പൂനെയിൽ ദിവസവേതനക്കാരനായി ജോലി ചെയ്യുകയാണ്. സംഭവസമയത്ത് വീട്ടിലില്ലായിരുന്ന അദ്ദേഹം വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. കുടുംബത്തിന് പൊലിസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തേജസ്വി യാദവ്
സംഭവത്തിൽ ബീഹാർ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് ഈ ആൾക്കൂട്ടാക്രമണമെന്ന് അദ്ദേഹം ആരോപിച്ചു.
"യുവതിയെ കൂട്ടബലാത്സംഗം ചെയ്യാനുള്ള ശ്രമമാണ് നടന്നത്. അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിച്ചു. ബീഹാറിലെ ഭയാനകമായ സാഹചര്യമാണ് ഇത് വെളിപ്പെടുത്തുന്നത്," തേജസ്വി യാദവ് പറഞ്ഞു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."