നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ
കോഴിക്കോട്: വോട്ടെടുപ്പിന് അഞ്ചുദിവസം മാത്രം ബാക്കിനിൽക്കെ 13 മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോട്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പം ചേർന്നുനിന്നിരുന്നതാണ് കോഴിക്കോടിന്റെ രാഷ്ട്രീയ ചരിത്രം. കഴിഞ്ഞ രണ്ടുതവണയും ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജില്ല. യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2001ൽ പോലും ഇടതുകോട്ടയിൽ കാര്യമായ വിള്ളലുണ്ടായില്ല. എന്നാൽ ഇത്തവണ എന്തും സംഭവിക്കാമെന്ന സ്ഥിതിവിശേഷം. പോരാട്ടം പ്രവചനതീതമായതോടെ മുന്നണികളുടെ നെഞ്ചിടിപ്പ് കൂടുന്നു.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും നേരിടുന്നത് കടുത്ത മത്സരം. മൂന്നുപേരെയും മണ്ഡലത്തിൽ തളച്ചിടാൻ യു.ഡി.എഫിന് കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ പോരിനെ ശ്രദ്ധേയമാക്കുന്നത്.
കഴിഞ്ഞതവണ 13ൽ 11 മണ്ഡലങ്ങളിലും എളുപ്പത്തിൽ ജയിച്ചുകയറിയ എൽ.ഡി.എഫ് ഇത്തവണ വിയർക്കുകയാണ്. പേരാമ്പ്ര, നാദാപുരം, ബാലുശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെ പോരിന് കടുപ്പമേറെയാണ്. കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിന് രണ്ട് സീറ്റിൽ ഒതുങ്ങേണ്ടിവന്ന ജില്ലയാണ് കോഴിക്കോട്. വടകരയിൽ ആർ.എം.പിയുടെ കെ.കെ രമയും കൊടുവള്ളിയിൽ മുസ്്‌ലിം ലീഗിലെ ഡോ. എം.കെ മുനീറുമാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇത്തവണ ആറ് സീറ്റ് ഉറപ്പെന്നും അടിയൊഴുക്കുണ്ടായാൽ എട്ടു മണ്ഡലങ്ങൾ വരെ നേടുമെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു.
പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ മറ്റു വിഷയങ്ങളെ അപ്രസക്തമാക്കി പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദമാണ് ജില്ലയിലാകെ ആളിക്കത്തുന്നത്. മുസ്്‌ലിം ലീഗ് മതംപറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലെ അനൗൺസ്മെന്റാണ് പരാതിയിലേക്കും കേസിലേക്കും നീങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നടന്ന 'കാഫിർ സ്‌ക്രീൻഷോട്ടിന്' തുല്യമായ വർഗീയ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വിവാദം തണുപ്പിക്കാൻ ടി.പി രാമകൃഷ്ണൻ രംഗത്തിറങ്ങിയെങ്കിലും മറ്റൊരു വാഹനത്തിൽനിന്നുകൂടി ഇതേ പ്രചാരണം ആവർത്തിച്ചതോടെ ഇടതുമുന്നണി പ്രതിരോധത്തിലായി.
മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരേ പി.വി അൻവർ രംഗത്തുവന്നതോടെ ബേപ്പൂരിൽ മത്സരം ബലാബലമാണ്. ഇടതുതരംഗം ആഞ്ഞുവീശിയപ്പോഴും ജില്ലയിൽ ഒരാളെയെങ്കിലും ജയിപ്പിക്കാൻ മുസ്്‌ലിംലീഗിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ കൊടുവള്ളിയിൽ മാത്രം ഒതുങ്ങിയെങ്കിലും 2016ൽ കുറ്റ്യാടിയും കോഴിക്കോട് സൗത്തും മുസ്്‌ലിം ലീഗിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടിയും കോഴിക്കോട് സൗത്തും മുമ്പ് പലതവണ വിജയിച്ച തിരുവമ്പാടിയും ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്ന് മുസ്്‌ലിം ലീഗ് പ്രതീക്ഷിക്കുന്നു. പേരാമ്പ്രയിൽ പാർട്ടിയുടെ യുവമുഖമായ ഫാത്തിമ തഹ്ലിയ ഉണ്ടാക്കുന്ന ഓളം അട്ടിമറിയിലേക്ക് നയിക്കുമെന്നും മുസ്്‌ലിം ലീഗ് വിലയിരുത്തുന്നു.
പരമാവധി വോട്ടുവിഹിതം വർധിപ്പിക്കാനാണ് എൻ.ഡി.എയുടെ ശ്രമം. ബേപ്പൂർ, എലത്തൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിലെ വിജയപരാജയങ്ങളെ നിർണയിക്കും. ശക്തമായ ത്രികോണ മത്സരമുളള കോഴിക്കോട് നോർത്തിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സംഘടനാശേഷി കരുത്താക്കി ഇടതുമുന്നണി
2008ലെ മണ്ഡലപുനർനിർണയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ പേരാമ്പ്ര, കുന്നമംഗലം, ബാലുശേരി, എലത്തൂർ, ബേപ്പൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി എന്നിവിടങ്ങൾ ഒരിക്കൽപോലും നഷ്ടപ്പെടാത്തതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. സി.പി.എമ്മിന്റെ സംഘടനാ ശേഷിയാണ് എൽ.ഡി.എഫിന്റെ കരുത്ത്. ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടാമെന്നല്ലാതെ ജില്ലയിലെ ഇടത് അടിത്തറയ്ക്ക് കോട്ടം സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എലത്തൂർ, ബേപ്പൂർ, കോഴിക്കോട് നോർത്ത്, പേരാമ്പ്ര, നാദാപുരം, ബാലുശേരി എന്നിവിടങ്ങളിലെ രാഷ്ട്രീയ വോട്ടുകളുടെ മുൻതൂക്കവും ഇടതുമുന്നണിയുടെ പ്രതീക്ഷയേറ്റുന്നു. കൊയിലാണ്ടിയിലും നാദാപുരത്തും ഒഴികെ സിറ്റിങ് എം.എൽ.എമാരാണ് എൽ.ഡി.എഫിനായി മത്സരരംഗത്തുള്ളത്. രണ്ടാം പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്. ഏഴ് സീറ്റിൽ സി.പി.എമ്മും ഓരോ മണ്ഡലത്തിൽ വീതം സി.പി.ഐയും ഐ.എൻ.എലും ആർ.ജെ.ഡിയും എൻ.സി.പി എസും രണ്ടിടത്ത് ഇടത് സ്വതന്ത്രരും മത്സരിക്കുന്നു.
കോൺഗ്രസിന്റെ പേരുദോഷം മാറുമോ?
സ്വാതന്ത്ര്യത്തിനു മുമ്പേ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട്ട് രണ്ടുപതിറ്റാണ്ടായി പാർട്ടിക്ക് ഒരാളെപോലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 2001ൽ പഴയ കോഴിക്കോട് ഒന്നിൽ എ. സുജനപാലും കൊയിലാണ്ടിയിൽ പി. ശങ്കരനും നിയമസഭയിലെത്തി. എന്നാൽ പിന്നീടൊരിക്കലും കോൺഗ്രസിന് ജയിക്കാനായില്ല. ആ പോരായ്മ പരിഹരിക്കുകയെന്ന വെല്ലുവിളിയാണ് കോൺഗ്രസ് നേരിടുന്നത്. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, എലത്തൂർ, ബാലുശേരി, നാദാപുരം എന്നിങ്ങനെ അഞ്ച് സീറ്റിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്.
ഇതിൽ മൂന്നിടത്തെങ്കിലും വിജയിക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു. സ്ഥാനാർഥിപ്പട്ടികയിലെ പുതുമുഖത്തിളക്കവും പ്രചാരണരംഗത്തെ മുന്നേറ്റവും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നു. കൊയിലാണ്ടിയിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറും നാദാപുരത്ത് കെ.എം അഭിജിത്തും അട്ടിമറി പ്രതീക്ഷയിലാണ്. ബാലുശേരിയിൽ സിറ്റിങ് എം.എൽ.എ കെ.എം സച്ചിൻദേവിനെതിരേ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെ രംഗത്തിറക്കിയതോടെ പോരിന് കടുപ്പമേറി. എലത്തൂരിൽ സിറ്റിങ് എം.എൽ.എയായ മന്ത്രി എ.കെ ശശീന്ദ്രന് വിദ്യ ബാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയാണ്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി എൻ.സി.പി.എസിൽ ഉണ്ടായ തർക്കവും എ.കെ ശശീന്ദ്രൻ മുൻപ് മത്സരിച്ച ക്ലോക്ക് ചിഹ്നത്തിൽ അജിത് പവാർ വിഭാഗത്തിന്റെ പി.കെ ശശീന്ദ്രൻ മത്സര രംഗത്തുള്ളതും യു.ഡി.എഫിന് അനുകൂലഘടകമാണ്.
ആകെ മണ്ഡലങ്ങൾ: 13
വോട്ടർമാർ: 26,57,478
സ്ത്രീകൾ : 13,59,102
പുരുഷൻമാർ: 12,98,343
ട്രാൻസ്ജെൻഡർ: 33
2021 നിയമസഭ
എൽ.ഡി.എഫ്: 11 (നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശേരി, തിരുവമ്പാടി, എലത്തൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ)
യു.ഡി.എഫ്: 2 (വടകര, കൊടുവള്ളി)
2016 നിയമസഭ
എൽ.ഡി.എഫ് : 11 (വടകര, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, എലത്തൂർ, തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ബേപ്പൂർ)
യു.ഡി.എഫ്: 2 (കോഴിക്കോട് സൗത്ത്, കുറ്റ്യാടി)
2011 നിയമസഭ
യു.ഡി.എഫ്: 3 (കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി)
എൽ.ഡി.എഫ് : 10 (വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, എലത്തൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ബേപ്പൂർ)
2024 ലോക്സഭ
യുഡി.എഫ് മുന്നിൽ : 13 (വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, എലത്തൂർ, തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ)
2025 തദ്ദേശം
യു.ഡി.എഫ് മുന്നിൽ: 10 (നാദാപുരം, കുറ്റ്യാടി, വടകര, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം, കോഴിക്കോട് സൗത്ത്)
എൽ.ഡി.എഫ് മുന്നിൽ: 3 (കോഴിക്കോട് നോർത്ത്, എലത്തൂർ, ബേപ്പൂർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."