വഴിതെറ്റിയെന്നറിയച്ച് ഹോംസ്റ്റേയിലേക്ക് അവസാന ഫോണ്‍ കോള്‍: കുടകില്‍ ട്രക്കിങ്ങിനിടെ കാട്ടില്‍ അകപ്പെട്ടുപോയ ശരണ്യയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു
മടിക്കേരി: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിക്കാടയുള്ള തിരച്ചില്‍ തുടരുന്നു. കൊച്ചിയില്‍ ഐടി പ്രഫഷനലായ കണ്ണൂര്‍ സ്വദേശിനി ശരണ്യയെ (36) ഈ മാസം രണ്ടാം തീയതിയാണ് കാണാതായത്.
ട്രക്കിങ്ങിനായി വനത്തിനുള്ളിലേക്ക് പോയ ശരണ്യയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് വനംവകുപ്പും പൊലിസും തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കൊച്ചിയില്‍ നിന്നാണ് ശരണ്യ കുടകിലേക്ക് എത്തിയത്. കുടകിലെ യാവകപടി ഗ്രാമത്തിലുള്ള ഒരു ഹോംസ്റ്റേയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഏപ്രില്‍ രണ്ടാം തീയതി രാവിലെയാണ് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ്ങിനായി പുറപ്പെട്ടത്. വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് ഇവര്‍ യാത്ര തുടര്‍ന്നത്.
ഹോംസ്റ്റേയില്‍ നിന്ന് ശരണ്യ ട്രക്കിങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ തിരികെ വന്നതായി യാതൊരു സൂചനയുമില്ല. ശരണ്യ കാട്ടിനുള്ളില്‍ വഴിതെറ്റി അകപ്പെട്ടുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഉള്‍ക്കാട്ടില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാത്ത പ്രദേശമായതിനാല്‍ ആശയവിനിമയം ദുഷ്‌കരമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനമേഖലയില്‍ വന്യമൃഗശല്യം ഉള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശരണ്യയുടെ കുടുംബാംഗങ്ങള്‍ കുടകിലെത്തിയിട്ടുണ്ട്. മടിക്കേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."