ഓണലഹരിയില്‍ ഉത്രാടപ്പാച്ചില്‍
കണ്ണൂര്‍: ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും വീര്‍പ്പുമുട്ടി. നഗരത്തിലെ തുണിക്കടകളിലും സ്റ്റേഡിയം കോര്‍ണറിലെ വഴിയോര വില്‍പന കേന്ദ്രങ്ങളിലും തുണിത്തരങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെ തിരക്കായിരുന്നു. നഗരത്തില്‍ ആഴ്ചകള്‍ക്കു മുമ്പ് ആരംഭിച്ച ഓണം മേളകളില്‍ സമാപനമായ ഇന്നലെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മിക്കവരും കുടുംബവുമൊത്താണ് ഓണ പര്‍ച്ചേയ്‌സിനെത്തിയത്. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധികൃതരെത്തി ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പണം നിറച്ചെങ്കിലും ഇന്നലെ ഉച്ചയോടെ കാലിയായി. നഗരത്തില്‍ എ.ടി.എമ്മുകള്‍ തേടിയുള്ള ഇടപാടുകാരുടെ അലച്ചിലിനും ഉത്രാടദിനം സാക്ഷിയായി.
നഗരങ്ങളില്‍ പൂ വാങ്ങാന്‍ എത്തിയവരുടെ തിരക്കായിരുന്നു. കണ്ണൂരില്‍ സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്‌സ്, മുനീശ്വരന്‍ കോവില്‍ എന്നിവിടങ്ങളിലെ വഴിയോര പൂ വില്‍പന കേന്ദ്രങ്ങളിലും ഇന്നലെ രാത്രി വരെ വന്‍ തിരക്കായിരുന്നു. കര്‍ണാടകയിലെ ഗ്രാമീണരാണു പൂവില്‍പനയ്ക്കു നഗരത്തിലെത്തിയത്. ഞായറാഴ്ച മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ കാല്‍ടെക്‌സിലെ ഡിജിറ്റല്‍ സിഗ്നല്‍ വിളക്ക് ഇന്നലെ പണിമുടക്കിയതു വാഹനവുമായി നഗരത്തിലെത്തിയവരെ വലച്ചു. ഇന്നലെ പല സമയങ്ങളിലായി ഇവിടെ ചെറിയതോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും പൊലിസിന്റെ സംയോജിത ഇടപെടലില്‍ കുരുക്കഴിഞ്ഞു.
നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ടൗണ്‍ പൊലിസ് മുന്‍കൈയെടുത്ത് ജവഹര്‍ സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കിയതു തിരുവോണത്തലേന്ന് നഗരത്തിലെ കുരുക്കൊഴിവാക്കി. ടൗണ്‍ സി.ഐ കെ.വി വേണുഗോപാല്‍ കഴിഞ്ഞദിവസം കോര്‍പറേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണു ജവഹര്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങിനു സൗകര്യമൊരുക്കിയത്. പെരുന്നാള്‍ തലേന്നും സ്റ്റേഡിയം പാര്‍ക്കിങ്ങിനു തുറന്നിരുന്നു. നഗരത്തില്‍ എല്ലായിടത്തും പൊലിസിനെ വിന്യസിച്ചതിനാല്‍ അനധികൃത പാര്‍ക്കിങ്ങും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."