പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോജ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയില്‍ പുരോഗതി
തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തു വയസുകാരന്‍ അനോജിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി കണ്ണ് തുറന്നതായും നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. അതേസമയം വെന്റിലേറ്റര്‍ സപ്പോര്‍ട്ട് തുടരുമെന്നും അങ്കമാലി അഡ്‌ലക്‌സ് ആശുപത്രി വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെയാണ് അബോധാവസ്ഥയില്‍ അനോജിനെയും ആല്‍ജോയെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ അമ്മയുടെ അടുത്ത് കട്ടിലിലും പിന്നീട് നിലത്തും പോയി കിടന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ ഇരുവര്‍ക്കും വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടര്‍ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."