കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ല; ആറ് കോടിയുടെ 'കാരുണ്യ' മറൈന്‍ ആംബുലന്‍സ് നോക്കുകുത്തി
ബേപ്പൂര്‍: കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കുന്നതിനു വേണ്ടി ആറു കോടി രൂപ ചെലവഴിച്ച് ഫിഷറീസ് വകുപ്പ് വാങ്ങിയ 'കാരുണ്യ'മറൈന്‍ ആംബുലന്‍സ് ബേപ്പൂര്‍ മത്സ്യബന്ധന മുഖത്ത് നോക്കുകുത്തിയായി നില്‍ക്കുന്നു. സര്‍ക്കാരിന് വരുമാനവും രാജ്യത്തിന് വിദേശ നാണ്യവും നേടിത്തരുന്ന നൂറുകണക്കിനാളുകള്‍ക്ക് ജോലി നല്‍കുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍ പെട്ടാല്‍ രക്ഷപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരിഭവം പറയുന്നു.
മറൈന്‍ അംബുലന്‍സ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇതിന്റെ ഘടനയും രൂപവും കടലില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലല്ലെന്നും ഇതില്‍ സജീകരിച്ചിരിക്കുന്ന സംവിധാനങ്ങള്‍ തീരെ അപര്യാപ്തവും അശാസ്ത്രീയവുമാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നതാണ് . കഴിഞ്ഞ ആറുമാസമായി ഫിറ്റ്‌നസ് ഇല്ല എന്ന കാരണം പറഞ്ഞ് മറൈന്‍ ആംബുലന്‍സ് ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുകയാണ്. ഭീമമായ സംഖ്യയാണ് മറൈന്‍ ആംബുലന്‍സിലെ ജോലിക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ മാസാമാസം ചിലവഴിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 12 പേരുമായി മത്സ്യബന്ധനത്തിനുപോയ ബേപ്പൂര്‍ സ്വദേശി സ്വലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആയിഷ ബോട്ടിലാണ് അപകടമുണ്ടായത്. ബേപ്പൂരില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിന്റെ എഞ്ചിന്‍ റൂമിലെക്ക് വെള്ളം കയറുന്നതായി ശ്രദ്ധയില്‍പെടുക യായിരുന്നു. ഉടനെ താഴെ നിലയിലുള്ള എഞ്ചിന്‍ റൂമില്‍ പരിശോധനക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തില്‍ പ്പെട്ടത്. തുടര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികളും ശ്വാസം കിട്ടാതെ അപകടത്തില്‍ പെടുകയായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ നിന്ന് വിഷവാതകം ശ്വസിച്ച് അപകടത്തില്‍പെട്ടപ്പോള്‍ ബോട്ട് ഉടമയും തൊഴിലാളികളും മറൈന്‍ ആംബുലന്‍സിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ പതിവു പോലെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ തന്നെയാണ് അപായത്തില്‍ പെട്ടവരെ കരക്കെത്തിച്ചത്. ബേപ്പൂരില്‍ ഉണ്ടായ ഈ അപകടത്തില്‍ ശനിയാഴ്ച രണ്ട് പേരാണ് മരിച്ചത്.
ഫിഷറീസ് വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിരുത്തരവാദിത്തപരമായ സമീപനത്തില്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കടലിലേക്ക് പോകുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ മറ്റു ബോട്ടുകളില്‍ കരയില്‍ എത്തിച്ച് കരയിലിരുന്ന് ചികിത്സിക്കേണ്ട സ്ഥിതിയാണിപ്പോഴും. 26 അടി ബോട്ടിന് ഓരോ വര്‍ഷവും 26000 രൂപ ലൈസന്‍സ് ഫീസും 24000 രൂപ ക്ഷേമനിധിയും 7000 രൂപ ക്വാറന്റ് ചാര്‍ജും സര്‍ക്കാറിലേക്ക് അടച്ചാണ് മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നതെന്ന് ബോട്ട് ഉടമകള്‍ പറയുന്നു.
ബേപ്പൂര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന 600 ഓളം ബോട്ടുകളില്‍ നിന്ന് കോടികളാണ് സര്‍ക്കാരിന് വരുമാനമായി ലഭിക്കുന്നത് എന്നാല്‍ സര്‍ക്കാര്‍ മതിയായ പരിഗണന നല്‍കുന്നില്ലെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. കടല്‍ അപകടങ്ങളില്‍ പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കണമെന്നും അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ ബോട്ട് ഓണര്‍ അസോസിയേഷന്‍ ജന.സെക്രട്ടറി മുഹമ്മദ് ഹനീഫ ഹാജി ആവശ്യപ്പെട്ടു.
Serious concerns have been raised over the lack of effective rescue systems for sea accidents in Kerala, with allegations that the ₹6 crore ‘Karunya’ marine ambulance remains underutilized. Despite its intended role in saving lives at sea, the facility has reportedly not been deployed efficiently by the Kerala Fisheries Department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."