എസ്.കെ.എസ്.എസ്.എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ് സമാപിച്ചു
തൊടുപുഴ: ഇന്ത്യന്‍ മുസ്‌ലിംകളെ തീവ്രവാദികളായി ഒരുവിഭാഗം ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നന്ദികേടാണെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. ഇന്ത്യന്‍ മുസ്‌ലിംകള്‍ യഥാര്‍ഥ രാജ്യസ്‌നേഹികളാണെന്നും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ അല്‍അസ്ഹര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകള്‍ക്കെതിരേയുള്ള തീവ്രവാദ ആരോപണം ദുരുദ്ദേശപരമാണ്. ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഹൈന്ദവതയുടെ വക്താക്കളാണെന്ന് അവകാശപ്പെട്ട് രാജ്യത്ത് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസത്തേയും മതവിദ്യാഭ്യാസത്തേയും സമന്വയിപ്പിച്ച് വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹനാര്‍ഹമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ ഹൈദ്രോസി അധ്യക്ഷനായി. സമസ്ത മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പാണക്കാട് സെയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായി. കെ.എന്‍.എസ് മൗലവി, അഡ്വ. സി.എം കുഞ്ഞുമുഹമ്മദ്, ടി.എം മൊയ്തീന്‍ തേക്കുംകൂട്ടം സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി അല്‍ അസ്ഹര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ.എം മൂസ ഹാജിയ്ക്ക് ജോയ്‌സ് ജോര്‍ജ് എം.പി ഉപഹാരം സമര്‍പ്പിച്ചു. ശാഹുല്‍ ഹമീദ് മേല്‍മുറി, ഓണംപള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
രാവിലെ മതേതരത്വ ഇന്ത്യ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ മൗലവി പാലമല അധ്യക്ഷനായി. പി.സി ഉമര്‍ മൗലവി വയനാട്, അബ്ദുറഹ്്മാന്‍ സഅ്ദി സംസാരിച്ചു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍നിന്ന് ശാഖാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."